കെഎസ്ആര്‍ടിസി സ്റ്റാൻഡ് : അവഗണനയ്ക്കു ബ്രേക്കിടാൻ ഇന്ന് ഗതാഗത മന്ത്രിയെത്തും
1430806
Saturday, June 22, 2024 5:02 AM IST
കൊച്ചി: വെള്ളക്കെട്ടും കാലപ്പഴക്കത്തില്‍ ക്ഷയിച്ച കെട്ടിടവുമായി പതിറ്റാണ്ടുകളായി അവഗണനയില്‍ കിടക്കുന്ന എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് നവീകരിക്കുന്നതിന് ഇന്ന് നിര്‍ണായക ദിനം. കാരിക്കാമുറി പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പുതിയ ബസ് സ്റ്റേഷന് നിര്‍മിക്കുന്നത് സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാര് ഇന്ന് കൊച്ചിയിലെത്തും.
പദ്ധതി പ്രദേശം സന്ദര്‍ശിച്ച ശേഷം പദ്ധതിയുടെ ഫണ്ടിംഗ് ഏജന്‍സിയായ കൊച്ചി സ്മാര്‍ട്ട് മിഷന് ലിമിറ്റഡുമായും അദ്ദേഹം ചര്‍ച്ച നടത്തും. വൈറ്റില ഹബ് മാതൃകയില്‍ കാരിക്കാമുറിയില്‍ സ്റ്റേഷന് നിര്‍മിക്കുന്നതിന് 12 കോടി രൂപയാണ് സിഎസ്എംഎല്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്.
കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള കാരിക്കാമുറിയിലെ സ്ഥലം വൈറ്റില ഹബ് സൊസൈറ്റിക്ക് കൈമാറി പകരം വൈറ്റില ഹബിനോട് ചേര്‍ന്ന് കിടക്കുന്ന സൊസൈറ്റിയുടെ സ്ഥലം കെഎസ്ആര്‍ടിസിക്ക് കൈമാറിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
സ്ഥലം കൈമാറുന്നത് സംബന്ധിച്ച ധാരണാപത്രം നേരത്തെ മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ വൈറ്റില മൊബിലിറ്റി ഹബ് എംഡി, സിഎസ്എംഎല്എ എംഡി, കെഎസ്ആര്‍ടിസി ജോയിന്റ് എംഡി എന്നിവര്‍ ചേര്‍ന്ന് ഒപ്പുവച്ചിരുന്നു. ഇനിയിത് ഗവ. ഉത്തരവായി ഇറങ്ങണം. അതിനു ശേഷമാകും പദ്ധതിയുടെ ഡിപിആര്‍ തയാറാക്കുക.
പണികള്‍ ആരംഭിക്കുന്നതിന് മുന്‍പായി കാരിക്കാമുറിയില്‍ ഹൈബി ഈഡന് എംപിയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച താല്കാലിക കെട്ടിടം പൊളിച്ച് മാറ്റേണ്ടതുണ്ട്. നിര്‍മാണത്തിലെ അപാകത മൂലം കെട്ടിടത്തിന് ബലക്ഷയം സംഭവിക്കുകയും തൂണുകള്‍ താഴ്ന്ന് കെട്ടിടത്തിന് വിള്ളലുകള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. നിര്‍മാണത്തിലെ അഴിമതിയാണ് കെട്ടിടം ഇത്തരത്തില്‍ ഉപയോഗ ശൂന്യമായതെന്നായിരുന്നു ആരോപണം.
ഇതേത്തുടര്‍ന്ന് ഹൈബി ഈഡന്റെ പരാതിയില്‍ കെഎസ്ആര്‍ടിസിയുടെ തന്നെ വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണം പൂര്‍ത്തിയായിട്ടില്ല. അന്വേഷണം നടക്കുന്നതിനാല്‍ കെട്ടിടം പൊളിക്കുന്നതിനും നിയമതടസമുണ്ട്. അന്വേഷണം വൈകുന്ന സാഹചര്യമുണ്ടായാല്‍ മുഖ്യമന്ത്രിയുടെ പ്രത്യേക അനുമതി വാങ്ങി കെട്ടിടം പൊളിച്ചുമാറ്റാനാണ് നീക്കം.
കെഎസ്ആര്‍ടിസി ബസുകള്‍ക്കും സ്വകാര്യ ബസുകള്‍ക്കും കയറാന്‍ കഴിയുന്ന മൊബിലിറ്റി ഹബ്ബിന്റെ അതേ മാതൃകയിലുള്ള, കെട്ടിടം നിര്‍മിക്കുന്നതിനാണ് പദ്ധതി. യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍, കാത്തിരിപ്പ് കേന്ദ്രങ്ങള്‍, ടോയ്ലറ്റ് കോംപ്ലക്സ് എന്നിവ ഈ കെട്ടിടത്തിലുണ്ടാകും.
സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് നിര്‍മാണച്ചുമതല. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കൊച്ചി നഗരത്തിന് കെഎസ്ആര്‍ടിസിയുടെയും സ്വകാര്യ ബസുകളുടെയും രണ്ട് ഹബുകള്‍ സ്വന്തമാകും.