പണമില്ലാതെ ബിനാലെ മുടങ്ങുന്നത് ഇതാദ്യം
1425957
Thursday, May 30, 2024 5:12 AM IST
കൊച്ചി: നടത്തിപ്പ് പണമില്ലെന്ന കാരണത്താല്‍ ബിനാലെ മുടങ്ങുന്നത് ഇതാദ്യം. 2018-19 ലെ അഞ്ചാം എഡിഷന് കോവിഡ് കാലത്ത് മുടങ്ങിയിരുന്നു. പിന്നീട് 22 ഡിസംബറിലാണ് അഞ്ചാം എഡിഷന് ആരംഭിച്ചത്. അടുത്തത് ഈ വര്‍ഷം ഡിസംബര്‍ 12 ന് അടുത്ത എഡിഷന് ആരംഭിക്കേണ്ടതാണ്. പണമില്ലായ്കയും കടവും പ്രധാനവേദി സംബന്ധിച്ച അനിശ്ചിതവുമൊക്കെ ആറാം എഡിഷനും മുടങ്ങാന്‍ കാരണമായി.
24 വേദികളിലായാണ് ബിനാലെ നടക്കാറുള്ളതെങ്കിലും 60 ശതമാനം പ്രദര്‍ശനവും ഒരുക്കാറുള്ളത് ആസ്പിന്‍വാളിലെ കെട്ടിടത്തിലും കെട്ടിടത്തോട് ചേര്‍ന്നുള്ള താല്‍ക്കാലിക വേദികളിലുമായാണ്. ആസ്പിന്‍വാള്‍ ലഭിക്കില്ലെന്ന് ഉറപ്പായി ഘട്ടത്തില്‍ ഇത്രയും സൗകര്യവും പെരുമയുമുള്ള മറ്റൊരു കെട്ടിടം കണ്ടെത്തുന്നുണ്ട്. ഫോര്‍ട്ട്കൊച്ചിയില്‍ തന്നെയുള്ള ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങളാണ് ഫൗണ്ടേഷന് അന്വേഷിക്കുന്നത്. ചില കെട്ടിടങ്ങള്‍ ആലോചനയിലുണ്ടെങ്കിലും അവ വെളിപ്പെടുത്താന്‍ അധികൃതര്‍ തയാറായില്ല.
തടസമായത് ഉദ്യോഗസ്ഥര്‍
ബിനാലെയുടെ പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തിയത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണെന്നാണ് ആക്ഷേപം. ആസ്പിന്‍വാള്‍ ഏറ്റെടുക്കാനുള്ള ശ്രമം സര്‍ക്കാര്‍ നേരത്തെ ആരംഭിച്ചിരുന്നതാണ്.
സാധ്യതാ പഠനത്തിനായി കൊച്ചിയിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. എന്നാല്‍ വിപണി മൂല്യത്തേക്കാള്‍ മൂന്ന് ഇരട്ടി വിലയിട്ടാണ് ഇവര്‍ റിപ്പോര്‍ട്ട് കൈമാറിയത്. ഇതേ തുടര്‍ന്നാണ് ഏറ്റെടുക്കല്‍ ശ്രമം പാളിയതെന്നാണ് ആക്ഷേപം.
അനന്യതയിലേക്ക് ആണ്ടുപോകുമോ അല്‍ബുക്കര്‍ക്ക് ജെട്ടി
ആസ്പിന്‍വാള്‍ കെട്ടിടം കോസ്റ്റ് ഗാര്ഡിന്റേതാകുന്നതോടെ ഫോര്‍ട്ടുകൊച്ചിയില്‍ മറ്റൊരു പൈതൃക ഇടം കൂടിയാണ് അന്യമാകുന്നത്. അത് അല്‍ബുക്കര്‍ക്ക് ജെട്ടിയാണ്. കോസ്റ്റ് ഗാര്‍ഡ് കാര്യാലയത്തിന്റെ മതില്‍ക്കെട്ടിനും ആസ്പിന്‍വാള്‍ മതില്‍ക്കെട്ടിനും ഇടയിലുള്ള ഈ ജെട്ടി പോര്‍ച്ചുഗീസ് നാവികന് അല്‍ഫോണ്‍സോ ഡി അല്‍ബുക്കര്‍ക്കിന്റെ സ്മരണാര്‍ഥം സംരക്ഷിച്ചു പോരുന്നതാണ്.
എ.ഡി. 1503ല്‍ കൊച്ചിയിലെത്തിയ അല്‍ബുക്കര്‍ക്ക് കപ്പലില്‍നിന്ന് കരയിലെത്തിയത് അല്‍ബുക്കര്‍ക്ക് ജെട്ടി നിലനില്‍ക്കുന്നിടത്തായിരുന്നു. അല്‍ബുക്കര്‍ക്കിന്റെ നേതൃത്വത്തിലാണ് കൊച്ചി രാജാവിന്റെ അനുമതിയോടെ പോര്‍ച്ചുഗീസുകാര്‍ ഫോര്‍ട്ടുകൊച്ചിയില്‍ കോട്ട നിര്‍മിച്ചത്.
ഇത് ഇന്ത്യയിലെ ആദ്യ യൂറോപ്യന്‍ കോട്ടയായിരുന്നു. ആസ്പിന്‍വാള്‍ കോസ്റ്റ്ഗാര്‍ഡ് ഏറ്റെടുക്കുന്നതോടെ ഇവിടേക്കുള്ള പ്രവേശനം നിരോധിക്കപ്പെടുമെന്നാണ് ഫോര്‍ട്ട്കൊച്ചി നിവാസികളുടെ ആശങ്ക.
‘കൊച്ചിയുടെ പൈതൃക ഇടങ്ങള്‍ നഷ്ടമാകുന്നു'
ഫോര്‍ട്ടുകൊച്ചിയിലെ ആസ്പിന്‍വാള്‍ പൈതൃക കെട്ടിടം നഷ്ടമാകുന്നതോടെ കൊച്ചിയുടെ ലോക പ്രശസ്തമായ പൈതൃക ഇടം കൂടി ജനങ്ങളില്‍നിന്ന് എന്നെന്നേക്കുമായി അന്യപ്പെടുകയാണ്.
പത്തൊമ്പതാം നൂറ്റാണ്ടിലാണ് ആസ്പിന്‍വാള്‍ കമ്പനി ഈ കെട്ടിടം നിര്‍മിച്ചത്. കൊച്ചിയില്‍ ആധുനിക തുറമുഖവും റെയില്‍വേയും വേണമെന്ന് ബ്രിട്ടീഷ് അധികൃതരോട് ആവശ്യപ്പെട്ട ബ്രിട്ടീഷ് വ്യാപാരി ജോണ്‍ ആസ്പിന്‍വാളിന്റെ പേരിലുള്ള കെട്ടിടം കൊച്ചി മുസിരിസ് ബിനാലെയുടെ വേദിയായതോടെ ലോക പ്രശസ്തമായി.
നൂറ്റാണ്ടുകളുടെ മൂല്യ സമ്പത്തുള്ള കൊച്ചിയുടെ പൈതൃക ഇടങ്ങള്‍ നഷ്ടമാകുന്നത് കൊച്ചിയുടെ പൈതൃക ചരിത്രത്തെ തന്നെ ഇല്ലാതാക്കും.
ബോണി തോമസ്, നോഡല്‍ ഓഫീസര്‍,
കൊച്ചിന് ഹെറിറ്റേജ് സോണ്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റി