വിദ്യാര്‍ഥികളുടെ സുരക്ഷ: നടപടികള്‍ സ്വീകരിച്ചെന്ന് കൊച്ചി സിറ്റി പോലീസ്
1425584
Tuesday, May 28, 2024 7:42 AM IST
കൊച്ചി: സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് വ്യക്തമാക്കി. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയശേഷമെ ബസ് ഡ്രൈവര്‍മാരെ നിയമിക്കാവൂ എന്ന് സ്കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നഗരത്തിലെ എല്ലാ സ്കൂളുകളിലെയും ബസുകളുടെ ക്ഷമത ഉറപ്പാക്കും. എല്ലാ സ്കൂള്‍ ബസുകള്‍ക്കും വാതിലും കുട്ടികള്‍ക്ക് സഹായത്തിന് ജീവനക്കാരും ഉണ്ടോയെന്ന് പരിശോധിക്കും. പിങ്ക് പട്രോള്‍, സിറ്റി വാരിയര്‍ എന്നിവയുടെ പ്രവര്‍ത്തനം ഉറപ്പാക്കി.
സ്കൂള്‍ സമയത്ത് തിരക്കുള്ള ബസുകളില്‍ പോലീസ് സാന്നിധ്യം ഉറപ്പാക്കും. സ്റ്റോപ്പുകളില്‍ ബസ് നിര്‍ത്താതിരിക്കുക, വിദ്യാര്‍ഥികളെ കയറ്റാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ പരിശോധന നടത്തും.
മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഓട്ടോറിക്ഷകളില്‍ കുട്ടികളെ കുത്തിനിറച്ചുകൊണ്ടുപോകുന്നത് തടയും. അധ്യാപകരെയും വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി സ്കൂളുകളിലും ബസ് ഡ്രൈവര്‍മാരെയും ബസ് ഉടമകളെയും ഉള്‍പ്പെടുത്തി സബ് ഡിവിഷന്‍തലത്തിലും ബോധവല്‍ക്കരണ ക്ലാസ് നടത്തുന്നതാണെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.