അവയവ കച്ചവടം : കണ്ണികളെ തേടി അന്വേഷണ സംഘം ഇതര സംസ്ഥാനങ്ങളിലേക്ക്
1425332
Monday, May 27, 2024 6:55 AM IST
നെടുമ്പാശേരി: രാജ്യാന്തര അവയവ കച്ചവടത്തിലെ കണ്ണികളെ തേടി പ്രത്യേക അന്വേഷണ സംഘം മറ്റ് സംസ്ഥാനങ്ങളിലേക്ക് നീങ്ങുന്നു. പത്തംഗ അന്വേഷണ സംഘത്തിലെ നാല് പേരാണ് അന്വേഷണങ്ങൾക്കായി വിവിധ സംസ്ഥാനങ്ങളിലേക്ക് പോകുന്നത്. ഇന്നലെ തമിഴ്നാട്ടിലെത്തി ഇവർ അന്വേഷണം തുടങ്ങി. കേസിലെ മുഖ്യപ്രതി സബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചത്.
തമിഴ്നാട് സ്വദേശികളായ നിരവധി പേർ അവയവ വിൽപ്പന സംഘത്തിന്റെ വലയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. തമിഴ്നാട്ടിലെ തീരദേശ ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ചാണ് ഇടപാടുകൾ നടന്നിട്ടുള്ളത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകളെ മോഹന വാഗ്ദാനങ്ങൾ നൽകിയാണ് വലയിൽ കുടുക്കിയത്. കേസിലെ ആദ്യ അറസ്റ്റ് നെടുമ്പാശേരി വിമാനത്താവളത്തിൽ നടക്കുമ്പോൾ അവയവ കടത്തിനായി വിദേശത്തേക്ക് പോകാൻ അഞ്ച് തമിഴ്നാട് സ്വദേശികൾ എറണാകുളത്തെ ഹോട്ടലിൽ തങ്ങിയിട്ടുണ്ടായിരുന്നു.
സബിത്തിന്റെ അറസ്റ്റിനെതുടർന്ന് ഇവരെ വേഗത്തിൽ മടക്കി അയയ്ക്കുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നും അന്വേഷണ സംഘം ബംഗളൂരുവിലേക്കും തുടർന്ന് ഹൈദരാബാദിലേക്കും പോകും. അവയവകടത്തിന്റെ പ്രധാന കേന്ദ്രം ഹൈദരാബാദ് ആണെന്നാണ് ഇതുവരെയുള്ള അന്വേഷണങ്ങളിൽ നിന്നുള്ള വിവരം. ഇപ്പോൾ ഇറാനിലുള്ള മധുവാണ് കേരളത്തിൽ അവയവക്കടത്ത് മാഫിയയുടെ മുഖ്യകണ്ണിയെന്നാണ് വ്യക്തമാകുന്നത്. സംഘത്തിന്റെ സംസ്ഥാനത്തെ പ്രവർത്തനങ്ങൾ ഏകീകരിച്ചത് മധുവാണ്. മധു പറഞ്ഞിട്ടാണ് പണം അക്കൗണ്ട് വഴി വാങ്ങിയതെന്നാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ സജിത് പോലീസിനോട് പറഞ്ഞിട്ടുള്ളത്.
സജിത്തുമായി നിരന്തരം ഇടപാടുകൾ നടത്തിയിട്ടുള്ള ഒരു കമ്പനിയും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. മധുവിന് ബന്ധമുള്ള കമ്പനിയാണ് ഇത്.