വൈദ്യുതി ലൈനിലേക്ക് മരം ചാഞ്ഞു; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
1425331
Monday, May 27, 2024 6:55 AM IST
കൊച്ചി: മുളന്തുരുത്തിക്കും പിറവം റോഡിനുമിടയില്‍ വൈദ്യുതി ലൈനിലേക്ക് മുള ചാഞ്ഞതിനെത്തുടര്ന്ന് എറണാകുളം-കോട്ടയം പാതയില്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. മരച്ചില്ലകള്‍ വൈദ്യുതി കമ്പിയില്‍ പതിച്ച് തകരാര്‍ സംഭവിച്ചതാണ് കാരണമായി റെയില്‍വേ പറയുന്നത്. കനത്ത മഴയെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം 6.30 നായിരുന്നു സംഭവം.
ഇതോടെ ഇരുഭാഗത്തെയും സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ പിടിച്ചിട്ടു. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് പിറവം റോഡിലും ചെന്നൈ സെന്‍ട്രല്‍ മെയില്‍ വൈക്കം റോഡിലും രണ്ടുമണിക്കൂറോളം പിടിച്ചിട്ടു. സ്റ്റേഷനുകളില്‍ പിടിച്ചിട്ട ട്രെയിനുകള്‍ രാത്രി 8.30 ഓടെയാണ് യാത്ര തുടങ്ങിയത്.
കോട്ടയത്തുനിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട പാസഞ്ചര്‍ ട്രെയിനും മുളന്തുരുത്തിയില്‍ പിടിച്ചിട്ടു. എറണാകുളത്ത് 6.55ന് എത്തേണ്ട ട്രെയിന്‍ എട്ടിനുശേഷമാണ് എത്തിയത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്നുള്ള സാങ്കേതികവിദഗ്ധര്‍ എത്തിയാണ് വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിച്ചത്.