താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ
1424935
Sunday, May 26, 2024 3:50 AM IST
ആലങ്ങാട്: കനത്ത മഴ തുടരുന്നതിനാൽ ആലങ്ങാട് കരുമാലൂർ പഞ്ചായത്ത് പ്രദേശങ്ങളിലെ കൃഷിയിടങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ടിന്റെ പിടിയിൽ. വെളിയത്തുനാട്, തട്ടാംപടി, അടുവാത്തുരുത്ത്, പുറപ്പിള്ളിക്കാവ്, മാമ്പ്ര തുടങ്ങിയ പ്രദേശങ്ങളിലെ കൃഷിയിടങ്ങളും പാടശേഖരങ്ങളും വെള്ളക്കെട്ടിലായി. മഴ ഇനിയും കനത്താൽ കൃഷിനാശം സംഭവിക്കുമെന്നാണു കർഷകർ പറയുന്നത്.
കരുമാലൂർ- ആലങ്ങാട് പഞ്ചായത്ത് പരിധിയിലെ താഴ്ന്ന പ്രദേശങ്ങളും പല ഇടറോഡുകളും വെള്ളക്കെട്ടിലാണ്. പലയിടത്തും തോടുകളും കുളങ്ങളും കരകവിഞ്ഞു ഒഴുകിയതോടെ ഒട്ടേറെ പറമ്പുകൾ വെള്ളക്കെട്ടിന്റെ പിടിയിലാണ്.
മഴ ശക്തമായതിനാൽ പുറപ്പിള്ളിക്കാവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ ഉയർത്തി വച്ചിരിക്കുകയാണ്. തിരുവാലൂർ - മാളികംപീടിക റോഡ് വെള്ളക്കെട്ടിലായി. ഇരുചക്രവാഹന യാത്രികർ വളരെ ബുദ്ധിമുട്ടിയാണ് ഇതിലൂടെ കടന്നുപോയത്.