ജെയിംസ് കോറന്പേലിനെ ആദരിച്ചു
1424793
Saturday, May 25, 2024 5:11 AM IST
കോതമംഗലം : കെസിബിസി മദ്യവിരുദ്ധ സമിതി ഭാരവാഹിയായി രജതജൂബിലി നിറവിൽ നിൽക്കുന്ന ജെയിംസ് കോറന്പേലിനെ കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ആദരിച്ചു.
വടാട്ടുപാറ ഇടവകാംഗമായ ജെയിംസ് കോറന്പേൽ ഗ്രാമത്തിൽ സജീവമായിരുന്ന വ്യാജമദ്യവാറ്റും വിപണനവും തടയുന്നതിനായി 1996ൽ പൗരസമിതി രൂപീകരിച്ചു. ബോധവത്ക്കരണ പദ്ധതികൾ വഴിയും നിരവധി സമരങ്ങളിലൂടെയും വടാട്ടുപാറയെ വ്യാജമദ്യ നിർമാർജന ഗ്രാമമായി പ്രഖ്യാപിക്കുന്നതിൽ പങ്കാളിയായി.
1998ൽ കെസിബിസി മദ്യവിരുദ്ധ സമിതി രൂപീകരിച്ചപ്പോൾ തൃശൂർ ഉൾപ്പെട്ട സംസ്ഥാന മധ്യമേഖല ജനറൽ സെക്രട്ടറി, മേഖലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
കോതമംഗലം രൂപത മദ്യവിരുദ്ധസമിതി പ്രസിഡന്റ്, എറണാകുളം മേഖല പ്രസിഡന്റ്, കേരളാ മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി, കോതമംഗലം രൂപത പാസ്റ്ററൽ കൗണ്‍സിൽ അംഗം, ഗ്രീൻ വിഷൻ കേരള സംസ്ഥാന വൈസ് പ്രസിഡന്റ്, ഗാന്ധിദർശൻ സമിതി ജില്ലാ വൈസ് പ്രസിഡന്റ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.
ദീപിക , വീക്ഷണം, സണ്‍ഡേ ശാലോം, സണ്‍ഡേ വിഷൻ, ജീവൻ ടിവി എന്നീ മാധ്യമങ്ങളിലും സേവനം നടത്തി. സാമൂഹ്യ പ്രവർത്തനമികവിന് ഡോ. ബി.ആർ. അംബേദ്കർ ദേശീയ അവാർഡ് ഉൾപ്പെടെ 38 അവാർഡുകൾ ലഭിച്ചു. ചടങ്ങിൽ 15 ആദ്യകാല പ്രവർത്തകരെയും ആദരിച്ചു.