മഞ്ഞപ്രയില്‍ നായ ആക്രമണം: കടിയേറ്റ ആറ് പേര് ചികിത്സതേടി
1423967
Tuesday, May 21, 2024 6:53 AM IST
അങ്കമാലി: മഞ്ഞപ്ര വടക്കുംഭാഗം കവലയില്‍ നായയുടെ ആക്രമണത്തിൽ ആറ് പേര്‍ക്ക് പരിക്ക്. ഇന്നലെ രാവിലെ പത്തോടെ കഴുത്തില്‍ ചങ്ങലയുമായി റോഡിലൂടെ പോയ നായയാണ് വഴിയാത്രക്കാരെയും മറ്റുള്ളവരെയും കടിച്ചത്.
നാല് അതിഥി തൊഴിലാളികള്‍ക്കും ഓട്ടോറിക്ഷ തൊഴിലാളിക്കും ബസ് കണ്ടക്ടര്‍ക്കുമാണ് പരിക്കേറ്റത്. ഇവര്‍ അങ്കമാലി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും ചികിത്സ തേടി. പഞ്ചായത്ത് ഇടപെട്ട് കോട്ടയത്തുനിന്ന് നായ പിടുത്തക്കാരെ വരുത്തി നായ പിടിച്ച് മഞ്ഞപ്ര മൃഗാശുപത്രിയില്‍ കൂട്ടിലടച്ച് നിരീക്ഷണത്തിലാക്കി.
പ്രായമായ പട്ടികളെ വീടുകളില്‍നിന്ന് ഉപേക്ഷിക്കുന്നത് ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ട്. കഴുത്തില്‍ ചങ്ങലയുള്ള പട്ടിയെ ഇത്തരത്തില്‍ വീട്ടുകാര്‍ ഉപേക്ഷിച്ചതാവമെന്ന് നാട്ടുകാര്‍ പറയുന്നു.
റോഡില്‍ അലഞ്ഞ് നടക്കുന്ന നായകളെ പിടിച്ച് ജനങ്ങളുടെ ജീവന് സംരക്ഷണമൊരുക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയാറാകണമെന്ന് പ്രദേശവാസികള്‍ പറയുന്നു.