ഡി-അഡിക്ഷൻ സെന്ററിന് ആംബുലൻസ് നൽകി
1572670
Friday, July 4, 2025 4:47 AM IST
തിരുവാങ്കുളം: ലഹരി വിപത്തിനെതിരെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ ആരംഭിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുമെന്ന് തിരുവാങ്കുളം ക്യംതാ സെമിനാരി കാതോലിക്കോസ് റെസിഡൻസിൽ ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് ജോസഫ് ബാവായുടെ അധ്യക്ഷത ചേർന്ന അവലോകന യോഗം വ്യക്തമാക്കി.
കാലഘട്ടത്തിന്റെ ആവശ്യമായിക്കൊണ്ടിരിക്കുന്ന ലഹരി വിമുക്ത കേന്ദ്രങ്ങൾ പരിശുദ്ധ സഭയുടെ എല്ലാ ഭദ്രാസനങ്ങളിലും ആരംഭിക്കുമെന്ന് ശ്രേഷ്ഠ കാതോലിക്ക ബാവ പറഞ്ഞു. ഡി-അഡിക്ഷൻ സെന്ററിന്റെ ചുമതല വഹിക്കുന്ന സഖറിയാസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത പ്രഭാഷണം നടത്തി.
കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ വെളിയനാട് വട്ടപ്പാറയിൽ ആരംഭിക്കുന്ന ആദ്യ സെന്ററിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കോട്ടയം ഭദ്രാസനത്തിലെ വടവാതൂർ മാർ അപ്രേം യാക്കോബായ സുറിയാനി പള്ളിയിൽനിന്നു ഡി-അഡിക്ഷൻ സെന്ററിലേക്ക് ആംബുലൻസ് നൽകി.
ശ്രേഷ്ഠ കാതോലിക്ക ബാവയും മെത്രാപ്പോലീത്തയും ചേർന്ന് പള്ളി വികാരിമാരായ ഫാ. അജു കെ. ഫിലിപ്പ് കോട്ടപ്പുറം, ഫാ. തോമസ് കുര്യൻ കണ്ടാന്തറ എന്നിവരിൽനിന്ന് ആംബുലൻസിന്റെ താക്കോൽ സ്വീകരിച്ചു.