കോട്ടയം മെഡിക്കല്‍ കോളജിലെ അപകടം: മന്ത്രിമാര്‍ രാജിവയ്ക്കണമെന്ന് മുഹമ്മദ് ഷിയാസ്
1572656
Friday, July 4, 2025 4:35 AM IST
കൊച്ചി: കോട്ടയം മെഡിക്കല്‍ കോളജിലെ അപകടം സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. അപകട സ്ഥലത്തുവന്ന് മന്ത്രിമാരായ വി.എന്‍. വാസവനും വീണാ ജോര്‍ജും നിരുത്തരവാദപരമായ പ്രവര്‍ത്തനമാണ് നടത്തിയത്. ഒരു അപകടം നടക്കുമ്പോഴും സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമോയെന്ന ചിന്ത മാത്രമായിരുന്നു മന്ത്രിമാര്ക്കുണ്ടായിരുന്നത്.
ജനങ്ങളുടെ ജീവന് പുല്ലുവിലയാണ് സര്‍ക്കാര്‍ നല്‍കുന്നത്. മന്ത്രിമാര്‍ അടിയന്തരമായി രാജി വച്ചില്ലെങ്കില്‍ കടുത്ത പ്രതിഷേധങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രതിഷേധം എംജി റോഡ് ഉപരോധിച്ചാണ് അവസാനിപ്പിച്ചത്. ഐ.കെ. രാജു, ടോണി ചമ്മണി, എം.ആര്. അഭിലാഷ്, തമ്പി സുബ്രഹ്മണ്യം, പോളച്ചന് മണിയങ്കോട്, അബ്ദുല്‍ ലത്തീഫ് തുടങ്ങിയവര്‍ നേതൃത്വം നല്കി.