മഞ്ഞപ്രയിലും നടുവട്ടത്തും ശക്തമായ കാറ്റ്; വ്യാപക നാശനഷ്ടം
1573083
Saturday, July 5, 2025 4:21 AM IST
കാലടി: ഇന്നലെ ഉച്ചയോടെ വീശിയടിച്ച ശക്തമായ കാറ്റിൽ മഞ്ഞപ്ര മേഖലയിലും, മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ നടുവട്ടം പ്രദേശത്തും വ്യാപക നാശനഷ്ടമുണ്ടായി. മഞ്ഞപ്രയിൽ ശക്തമായി വീശിയടിച്ച ചുഴലിക്കാറ്റിൽ വീടിന് മുകളിലേക്ക് മരം വീണ് വീട് പൂർണമായും തകർന്നു. വീട്ടിൽ ആൾതാമസമില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ ശക്തമായി പെയ്ത മഴയോടൊപ്പമാണ് ചുഴലിക്കാറ്റും വീശിയടിച്ചത്. മഞ്ഞപ്ര പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പറമ്പി ബെന്നി ജോസഫിന്റെ ആൾ താമസമില്ലാത്ത വീടിന് മുകളിലേക്കാണ് മരം വീണത്. വീട് പൂർണമായും തകർന്നു.
വീടിന് സമീപം നിന്നിരുന്ന വലിയ തേക്ക് മരം ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് കടപുഴകി വീഴുകയായിരുന്നു. ശക്തമായ കാറ്റിൽ നടുവട്ടം ഭാഗത്തും വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്. കനത്ത കാറ്റിൽ രണ്ടാം വാർഡിലെ പയ്യപ്പിള്ളി ജോബിയുടെ ഇരുപതോളം ജാതി മരങ്ങൾ കടപഴുകി വീണു.
നിറയെ ജാതി കായകൾ ഉള്ള മരങ്ങളാണ് മറിഞ്ഞത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ജോബിക്ക് ഉണ്ടായിട്ടുളളത്. ശക്തമായ കാറ്റിൽ, വാഴ, ജാതി, കവുങ്ങ് ഉൾപ്പെടെ കടപുഴകി വീണ് വ്യാപക കൃഷി നാശം മേഖലയിൽ സംഭവിച്ചു.