കൊച്ചി വിമാനത്താവളത്തോടനുബന്ധിച്ച് ഐടി പാർക്കിനായി പദ്ധതി
1572657
Friday, July 4, 2025 4:35 AM IST
നെടുമ്പാശേരി: സംസ്ഥാനത്തിന്റെ വികസനത്തിന് വേഗത കൂട്ടാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പുതിയ പദ്ധതികളുമായി രംഗത്ത്. പുത്തൻ പദ്ധതികളുമായി എന്നും സജീവമായിട്ടുള്ള കൊച്ചി വിമാനത്താവള ഭൂമിയിൽ ഐടി പാർക്ക് സ്ഥാപിക്കാൻ പദ്ധതിയിട്ട് മുന്നോട്ടുള്ള പ്രവർത്തനങ്ങളുമായി സജീവം. ആദ്യപടിയെന്നനിലയിൽ ഐടി പാര്‍ക്കിനുള്ള സാധ്യതാ പഠനം നടത്താൻ ടെൻഡർ പുറപ്പെടുവിച്ചു.
വിമാനത്താവളത്തിലേക്കുള്ള ഫ്ളൈഓവറിനും സിയാല്‍ കണ്വന്ഷന് സെന്ററിനും ഇടയിലുള്ള 20 ഏക്കര്‍ ഭൂമിയാണ് ഇതിനായി വിട്ടുകൊടുക്കുന്നത്. വിമാനത്താവളത്തിന്റെ ഭൂമി പൂര്‍ണമായും ഉപയോഗിക്കാനാണ് തീരുമാനം.
ഇതിനായുള്ള സാധ്യതാ പഠനം നടത്താന്‍ കണ്‍സള്‍ട്ടന്‍സികളെ തിരഞ്ഞെടുക്കാന്‍ ടെൻഡര്‍ പുറപ്പെടുവിച്ചു. ഐടി, ഐടി അധിഷ്ഠിത സേവനങ്ങള്‍ എന്നിവ നല്കുന്ന പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്നും സിയാല്‍ പുറത്തിറക്കിയ ടെൻഡറില്‍ പറയുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ഏജന്‍സി മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ഐടി മേഖലക്ക് കുതിപ്പാകും
ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്സിറ്റി എന്നീ രണ്ട് ഐടി ഹബ്ബുകള്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി നഗരത്തിന്റെ വ്യവസായ മേഖലക്ക് പുത്തനുണര്‍വ് നല്കാന് പദ്ധതിക്കാകുമെന്നാണ് കരുതുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള കണക്ടിവിറ്റിയും സമീപത്തുള്ള താമസസ്ഥലങ്ങളും പദ്ധതിക്ക് ഗുണമാകും. ലോകോത്തര നിലവാരത്തിലുള്ള തൊഴില്‍ സാഹചര്യവും അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുങ്ങും.
ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതിലൂടെ കേരളത്തിന്റെ ഐടി മേഖലയില്‍ വലിയ കുതിപ്പ് സൃഷ്ടിക്കാനാകുമെന്ന് മന്ത്രി പി. രാജീവ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 200 കോടി രൂപ മുതല്‍ മുടക്കില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മുഖഛായ മാറ്റുന്ന സിയാല്‍ 2.0 പദ്ധതിക്ക് കഴിഞ്ഞ മാസം തുടക്കം കുറിച്ചിരുന്നു.
നിര്‍മിതബുദ്ധി, ഓട്ടോമേഷന്‍, പഴുതടച്ച സൈബര്‍ സുരക്ഷ എന്നിവയിലൂടെ വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയാണിത്. ഒപ്പം യാത്രക്കാര്‍ക്ക് അതിവേഗം സുരക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കാനുമാകും.
ഐടി പാർക്ക് വരുന്നതോടെ എറണാകുളം ജില്ലയിൽ വൻ വ്യവസായ കുതിപ്പ് ഉണ്ടാകാനാണ് സാധ്യത. കൂടാതെ പുതിയ വിമാനകമ്പനികൾ വരുന്നതിനും ഇത് സഹായകരമാകും ഇത്തരത്തിലാണ് പുതിയ ഐടി പാർക്കു കൊണ്ട് ലക്ഷ്യമിടുന്നത് .