വിദേശ ദന്പതികൾക്ക് ഇംഗ്ലീഷ് ചാനൽ കടക്കാൻ ബോട്ട് കൊച്ചിയിൽനിന്ന്
1573108
Saturday, July 5, 2025 4:48 AM IST
ഇടക്കൊച്ചി: സമുദ്രയാത്ര ഇഷ്ടപ്പെടുന്ന ഇംഗ്ലണ്ടിൽനിന്നുള്ള ദന്പതികൾക്ക് ഇംഗ്ലീഷ് ചാനൽ കടക്കാൻ യാത്രാബോട്ട് ഇടക്കൊച്ചിയിൽ നിന്ന്. നിക്ക് എന്ന് വിളിപ്പേരുള്ള ജോൺ നിക്കോളാസ് ഫ്രാൻസനും ഭാര്യ ആനിനും യാത്ര ചെയ്യുന്നതിനുള്ള ബോട്ടാണ് ഇംഗ്ളണ്ടിലേക്ക് കപ്പൽ കയറിയത്.
ഇംഗ്ലണ്ടിൽ ബോട്ട് നിർമാണം വലിയ ചെലവേറിയതിനാലാണ് ഇവർ ഇന്ത്യയിലേക്ക് എത്തിയത്. ഇന്ത്യയിൽ പലയിടത്തും അന്വേഷണം നടത്തിയെങ്കിലും ഇവരുടെ മനസിന് ഇഷ്ടപ്പെട്ട നിർമാതാക്കളെ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് ജലയാനങ്ങൾ നിർമിക്കാൻ മിടുക്കരുള്ള കൊച്ചിയിലേക്ക് എത്തുകയായിരുന്നു.
കൊച്ചിയിൽ പല ബോട്ട് നിർമാണ കമ്പനികളുമായി ചർച്ച നടത്തിയ ശേഷം ഇടക്കൊച്ചിയിലെ ദരിയ മറൈൻ എൻജിനീയറിംഗ് സർവീസസ് എന്ന ബോട്ട് നിർമാണ സ്ഥാപനത്തിന് ബോട്ട് നിർമിക്കാൻ ചുമതല നൽകി.
സമുദ്രയാത്രാ പ്രിയനായ നിക്കിന്റെ മനസിലുള്ള ആശയങ്ങൾക്കനുസരിച്ച് ദരിയ മറൈൻ ആറു മാസം കൊണ്ട് ബോട്ടിന് രൂപം നൽകി. ഓരോ ദിവസത്തേയും ജോലികൾ നിക്കിന് വരച്ച് നൽകി ചിട്ടയായുള്ള നിർമാണമാണ് ദരിയ മറൈൻ നടത്തിയത്. ഇംഗ്ലണ്ടിലേക്ക് മടങ്ങാതെ ആറ് മാസമായി ഇവിടെ തന്നെ തങ്ങിയായിരുന്നു നിക്കിന്റെ മേൽനോട്ടം. ഇതിനിടെ ഭാര്യ ആൻ നാട്ടിലേക്ക് മടങ്ങി.
ഇവിടെ നിന്ന് പഠിച്ച മലയാളത്തിലൂടെ, നിക്ക് നിർദേശങ്ങൾ നൽകിയിരുന്നതായി ദരിയ മറൈനിലെ ജോലിക്കാർ പറയുന്നു. കമ്പനി തികഞ്ഞ ഉത്തരവാദിത്വത്തോടെ തന്റെ മനസിൽ ഉണ്ടായിരുന്ന ബോട്ട് നിർമിച്ചു നൽകിയെന്ന് നിക്ക് പറയുന്നു.
ശ്രീലങ്ക വഴി ഇംഗ്ലണ്ടിലേക്ക്
പണി പൂർത്തിയാക്കി , അവസാന വട്ട പരീക്ഷണവും നടത്തിയ ബോട്ട് കൊച്ചിയിൽ നിന്ന് ശ്രീലങ്ക വഴിയാണ് ഇംഗ്ലണ്ടിലെത്തിക്കുക. കൊച്ചിയിലെ പസഫി ഓഷ്യൻ ലോജിസ്റ്റിക്സ് ഇന്റർനാഷണൽ ലിമിറ്റഡ് എന്ന ഷിപ്പിംഗ് കമ്പനിയാണ് ബോട്ട് ഇംഗ്ലണ്ടിൽ എത്തിക്കാൻ ചുമതല ഏറ്റെടുത്തിട്ടുള്ളത്.
കഴിഞ്ഞ ദിവസം ബോട്ട് കപ്പൽ മാർഗം കൊച്ചിയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കയറ്റിവിട്ടു. നിക്ക് കൊച്ചിയിൽ നിന്ന് വിമാനത്തിലും.