ജോലി നഷ്ടപ്പെട്ടതിലെ വൈരാഗ്യം : ബാങ്ക് ജീവനക്കാരിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം
1572623
Friday, July 4, 2025 4:26 AM IST
ആത്മഹത്യക്ക് ശ്രമിച്ച മുന്‍ ജീവനക്കാരന് കസ്റ്റഡിയില്‍
കളമശേരി: ജോലി നഷ്ടപ്പെട്ട വൈരാഗ്യത്തില്‍ ബാങ്ക് ജീവനക്കാരിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ആത്മഹത്യക്കു ശ്രമിച്ച മുൻ ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തില്‍ വലത് കൈപ്പത്തിക്ക് ഗുരുതരമായി പരിക്കേറ്റ അസിസ്റ്റന്റ് മാനേജര്‍ മാവേലിക്കര സ്വദേശിനി ഇന്ദു കൃഷ്ണ(35)യെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തിനു ശേഷം സ്വയം കുത്തി പരിക്കേല്‍പ്പിച്ച ബാങ്കിലെ മുന്‍ അപ്രൈസര്‍ കൊടുങ്ങല്ലൂര്‍ ടികെഎസ് പുരത്ത് സ്വദേശി സെന്തില്‍ കുമാര്‍ (44) കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇയാള്‍ ഏലൂര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.
ഇന്നലെ വൈകിട്ട് ഏഴോടെ മഞ്ഞുമ്മലിലെ പൊതുമേഖലാ ബാങ്കിലായിരുന്നു സംഭവം. ഇന്ദു കൃഷണയുടെ രണ്ട് വിരലുകള്‍ അറ്റുതൂങ്ങിയതായാണ് വിവരം. ഇവരുടെ കവിളിലും പുറത്തും പരിക്കേറ്റിട്ടുണ്ട്. ബാങ്ക് സമയം അവസാനിച്ച ശേഷം ജോലികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു ഇന്ദു കൃഷ്ണ.
ഈ സമയം ബൈക്കില്‍ എത്തിയ സെന്തില്‍ കുമാര്‍ കൈയില്‍ കരുതിയിരുന്ന ഇറച്ചി വെട്ടാന്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ഇന്ദുവിനെ ആക്രമിക്കുകയായിരുന്നു.
ബാങ്കിലെ അപ്രൈസ് ആയിരുന്ന തന്റെ ജോലി നഷ്ടപ്പെടാൻ കാരണക്കാരി ഇന്ദുവാണെന്ന് പറഞ്ഞായിരുന്നു അക്രമണം. ഈ സമയം മറ്റു ജീവനക്കാര്‍ ഓടിക്കൂടി സെന്തില്‍ കുമാറിനെ പിടിച്ചുമാറ്റി ഇയാളുടെ കൈയിലുണ്ടായിരുന്ന കത്തിയും പിടിച്ചെടുത്തു.
തുടര്‍ന്ന് ജീവനക്കാര്‍ ഉടന്‍ ഇന്ദുവിനെ മഞ്ഞുമ്മലിനെ ആശുപത്രിയിലേക്ക് മാറ്റി. ഈ സമയം ബാങ്കില്‍ നിന്ന് കിട്ടിയ മറ്റൊരു ചെറിയ കത്തിയുമായി ശൗചാലയത്തില്‍ കയറി വാതില്‍ അടച്ച സെന്തില്‍ നെഞ്ചിന് കുത്തിയും കൈ ഞരമ്പ് മുറിച്ചും ആത്മഹത്യക്ക് ശ്രമിച്ചു. ഏലൂര്‍ പോലീസ് സ്ഥലത്തെത്തി വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അബോധാവസ്ഥയിലായിരുന്ന സെന്തില്‍ കുമാറിനെ പുറത്തെടുത്തത്.