രാമമംഗലത്ത് സ്കൂളിലും കടയിലും മോഷണം
1573099
Saturday, July 5, 2025 4:33 AM IST
പിറവം: രാമമംഗലം ഹൈസ്കൂളിന്റെ ഓഫീസ് കുത്തിത്തുറന്ന് മേശയിൽ സൂക്ഷിച്ചിരുന്ന 50,000 രൂപ കവർന്നു. മേശയും അലമാരകളുമെല്ലാം കുത്തിത്തുറന്ന് പരിശോധന നടത്തിയ നിലയിലാണ്. സ്കൂളിലെ നിരീക്ഷണ കാമറയിൽ മോഷ്ടാവിന്റെ രൂപം പതിഞ്ഞിട്ടുണ്ട്.
രാമമംഗലം സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ. മോഹൻദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഓഫീസ് മുറിയുടെ താഴ് തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. ഇതേ രാത്രിതന്നെ സ്കൂളിന് മുന്നിലെ സ്റ്റേഷനറി കടയിലും മോഷണം നടന്നു. ഗോകുൽ ഡെക്കറേഷൻസ് ഉടമ രാമമംഗലം വരിക്കശേരിൽ ഗോപിനാഥന്റെ കടയിലാണ് മോഷണം നടന്നത്. കടയിൽ സൂക്ഷിച്ചിരുന്ന മൂവായിരത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഗോപിനാഥൻ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ ഏഴോടെ കട തുറക്കാനെത്തിയപ്പോഴാണ് കടയിൽ കവർച്ച നടന്ന വിവരം അറിഞ്ഞത്. കടയുടമയുടെ പരാതിയിൽ രാമമംഗലം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നീട് എട്ടോടെയാണ് സ്കൂളിലെ മോഷണ വിവരം പുറത്തറിഞ്ഞത്.
വീണ്ടും പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആലുവയിൽനിന്ന് വിരലടയാള വിദഗ്ധരും കളമശേരിയിൽനിന്ന് ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സ്കൂൾ വളപ്പിൽനിന്ന് മോഷ്ടാവ് ഉപേക്ഷിച്ചുപോയതെന്ന് കരുതുന്ന അടിവസ്ത്രവും കടയുടെ പരിസരത്തുനിന്ന് ബനിയനും കണ്ടുകിട്ടി.
സ്കൂൾ വളപ്പിൽ മണം പിടിച്ച പോലീസ് നായ ഷിൽഡ ഓഫീസ് മുറിയുടെ കിഴക്കു ഭാഗത്തേക്ക് ഓടി കിഴക്കുഭാഗത്തെ ഗേറ്റിനടത്ത് ചെന്നുനിന്നു. പാൻസും ഷർട്ടും ധരിച്ച് തൊപ്പിവച്ച് മുഖം മൂടിക്കെട്ടി ഗ്ലാസ് ധരിച്ചെത്തിയ മോഷ്ടാവിന്റെ ദൃശ്യമാണ് നരീക്ഷണ കാമറയിൽ ലഭിച്ചത്.