വിവാഹ വാഗ്ദാനം നല്കി പീഡനം: യുവതിയുടെ പരാതിയില്‍ പ്രവാസിക്കെതിരെ കേസെടുത്തു
1573109
Saturday, July 5, 2025 4:48 AM IST
കൊച്ചി: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പ്രവാസിക്കെതിരെ പോലീസ് കേസെടുത്തു. 35കാരിയായ കൊല്ലം സ്വദേശിനിയുടെ പരാതിയില്‍ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ പ്രവാസിക്കെതിരെയാണ് കൊച്ചി സിറ്റി പോലീസ് കേസെടുത്തത്. യുവതിയില്‍ നിന്നും ഇയാള്‍ 34 ലക്ഷത്തോളം രൂപ കൈക്കലാക്കിയെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
2022 ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയും പരാതിക്കാരിയും വിദേശത്തുവച്ചാണ് പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി വീടുപണി പൂര്‍ത്തിയായാല്‍ വിവാഹം കഴിക്കാമെന്ന് ഇയാള്‍ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ പല തവണകളായി 34 ലക്ഷം രൂപ നല്കി. വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കില്ലെന്ന് പ്രതി അറിയിച്ചെങ്കിലും ഒന്നിച്ചു ജീവിക്കണമെന്നതില്‍ യുവതി ഉറച്ചുനിന്നു.
തുടര്‍ന്ന് വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് ഉറപ്പുനല്‍കി കൊച്ചിയില്‍ എത്തിച്ചു. ആഢംബര ഹോട്ടലില്‍ താമസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇയാള്‍ തയാറായില്ല. പ്രതി വിവാഹിതനാണെന്ന് അറിഞ്ഞതോടെയാണ് യുവതി ഇപ്പോള്‍ പോലീസിനെ സമീപിച്ചതെന്നാണ് അറിയുന്നത്. യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.