നെല്ലിമറ്റത്ത് ആംബുലന്‍സ് മറിഞ്ഞ് നാലു പേര്‍ക്ക് പരിക്ക്
1572662
Friday, July 4, 2025 4:47 AM IST
കോതമംഗലം: ദേശീയ പാതയില്‍ നെല്ലിമറ്റത്ത് ആംബുലന്‍സ് മറിഞ്ഞ് നാലു പേര്‍ക്ക് പരിക്ക്. അടിമാലി സ്വദേശികളായ പാലിയേറ്റീവ് ജീവനക്കാരായ സരേഷ്, ശ്വേത, വാളറ അഞ്ചാംമൈല്‍ സ്വദേശിയും ആംബുലന്‍സ് ഡ്രൈവറുമായ ജിനോ, സഹോദരി ജിന്‍സ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ആരുടേയും പരിക്ക് ഗുരുതരമല്ല. നെല്ലിമറ്റം മില്ലുംപടിയില്‍ വച്ച് ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനായിരുന്നു അപകടം. റോഡില്‍ തെന്നിമറിയകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഓടികൂടിയ സമീപവാസികള്‍ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചു. പോലീസ് എത്തി മേല്‍നടപടി സ്വീകരിച്ചു. ഹൈറേഞ്ചില്‍ ഓടുന്ന ജീപ്പ് മാതൃകയിലുള്ള ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.
ജിനോയുടെ വീട്ടില്‍ രോഗിയായ അമ്മയ്ക്ക് ഓക്സിജന്‍ നല്‍കുന്നതിന് വേണ്ടി സിലിണ്ടര്‍ മാറ്റിവയ്ക്കുന്നതിനിടെ ഗ്യാസ് കുറ്റിതുറന്ന് ഗ്യാസ് മുഖത്തേക്ക് പതിച്ച് പാലിയേറ്റീവ് ജീവനക്കാരനായ സരേഷിന് അസ്വസ്ഥതയും മൂക്കില്‍നിന്നു രക്തം വരുകയും ചെയ്തു. സരേഷിനെ ആശുപത്രിയില്‍ എത്തിക്കാനായി മറ്റ് മൂന്ന് പേരും കൂടി ആംബുലന്‍സില്‍ നേര്യമംഗലത്തേക്ക് വരുകയായിരുന്നു.
നേര്യമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പരിശോധിച്ചപ്പോള്‍ വിദഗ്ധ ചികിത്സ തേടണമെന്ന നിര്‍ദേശാനുസരണം കോതമംഗലത്തെ ആശുപത്രിയിലേക്ക് വരുംവഴിയാണ് അപകടം. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല് പേരേയും വൈകിട്ടോടെ വിട്ടയച്ചു.