റോഡുകളിലെ വെള്ളക്കെട്ട്: എംപിയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു
1572669
Friday, July 4, 2025 4:47 AM IST
മൂവാറ്റുപുഴ: മണ്ഡലത്തിലെ റോഡുകളിൽ വെള്ളക്കെട്ടുണ്ടായ ഭാഗങ്ങൾ ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. മഴക്കാലമായതോടെ ദേശീയപാത 85ന്റെ ഭാഗമായ മൂവാറ്റുപുഴ മണ്ഡലത്തിലെ വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങളാണ് സംഘം സന്ദർശിച്ചത്.
മൂവാറ്റുപുഴ മണ്ഡലം ആരംഭിക്കുന്ന പെരുവംമൂഴി പാലം മുതൽ മൂവാറ്റുപുഴ കടാതി വരെയാണ് എംപി സന്ദർശനം നടത്തിയത്. ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയാണ് മേക്കടന്പ്, കടാതി ഷാപ്പുംപടി, ആലിൻചുവട് പ്രദേശങ്ങളിൽ എംപി സന്ദർശനം നടത്തിയത്. ദേശീയപാത വികസന അഥോറിറ്റി ഉദ്യോഗസ്ഥരെക്കൊണ്ട് സ്ഥല പരിശോധന നടത്തുകയും ചെയ്തു.
പെരുവംമൂഴി മുതൽ കടാതി വരെ നിരന്തരമായി വെള്ളക്കെട്ട് രൂക്ഷമായ നാല് സ്ഥലങ്ങളിലെ പ്രശ്നപരിഹാരത്തിനായി എംപി ഇടപെടൽ നടത്തിയെങ്കിലും സൂക്ഷ്മ പരിശോധന ആവശ്യമായിരുന്നു. വലിയ വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശങ്ങളിലെ ഓടയുടെ നിർമാണത്തിൽ ശാസ്ത്രീയമായ പരിഷ്കരണങ്ങൾ നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.
പെരുവംമൂഴി മുതൽ ബഥനിപ്പടി വരെയുള്ള ഓടയുടെ നിർമാണത്തിൽ കണ്ടെത്തിയിട്ടുള്ള അശാസ്ത്രീയത പരിഹരിക്കാനും തീരുമാനമായി. കെഎസ്ഇബിയുടെ പോസ്റ്റുകൾ മാറ്റാത്തത് ഓടയുടെ നിർമാണം പൂർത്തീകരിക്കാൻ തടസമായി. ഓട നിർമാണത്തിലെ അപാകതകൾ പരിശോധിക്കുമെന്നും വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് നിർമാണ പ്രവർത്തനം ഉടൻ പൂർത്തീകരിക്കുമെന്നും എംപി പറഞ്ഞു.