ജനറല്‍ ആശുപത്രിക്കെതിരെ വ്യാജ പ്രചാരണം: നടപടി സ്വീകരിക്കണമെന്ന് കെജിഎംഒഎ
1572610
Friday, July 4, 2025 4:17 AM IST
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റില്‍ നൂല് മറന്നുവെച്ച് തുന്നിക്കെട്ടിയെന്ന് പ്രചരിപ്പിക്കുന്നത് വാസ്തവ വിരുദ്ധമാണെന്നും ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് (കെജിഎംഒഎ) പത്രക്കുറുപ്പിൽ ആവശ്യപ്പെട്ടു.
അന്വേഷണമോ ജാഗ്രതയോ കൂടാതെ വാര്‍ത്ത നല്കുന്ന മാധ്യമങ്ങളുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. ശസ്ത്രക്രിയ വിഭാഗത്തിന്റെ അന്താരാഷ്ട്ര രീതികളുടെ ഭാഗമായി, ഉദരപേശി ശക്തിപ്പെടുത്തുന്നതിനും ഹെര്‍ണിയ പോലുള്ള ബുദ്ധിമുട്ടുകള്‍ തടയുന്നതിനും പ്രോലൈന്‍ പോലുള്ള നോണ്‍ അബ്സോറബിള്‍ സ്യൂച്ചര്‍ ഉപയോഗിക്കുന്നത് സ്ഥിരമായി ശുപാര്‍ശ ചെയ്യുന്ന ശസ്ത്രക്രിയാ പ്രോട്ടോക്കോളാണ്. അല്ലാതെ പിഴവോ മറവിയോ അല്ല.
ശസ്ത്രക്രിയാസമയത്ത് ഇത്തരം നൂല് പ്രയോഗിക്കുന്നത് ശാരീരിക സുരക്ഷയ്ക്കും ദീര്‍ഘകാല ഫലപ്രാപ്തിക്കും ആവശ്യമാണെന്നും ജില്ലാ പ്രസിഡന്റ് ഡോ.ടി. സുധാകര്‍, സെക്രട്ടറി ഡോ. കാര്‍ത്തിക് ബാലചന്ദ്രന് എന്നിവര്‍ പറഞ്ഞു.