യുവാവ് കുത്തേറ്റ് മരിച്ചു; അയൽവാസി അറസ്റ്റിൽ
1416658
Tuesday, April 16, 2024 5:54 AM IST
കാക്കനാട്: വാക്കേറ്റത്തെ തുടർന്നുള്ള കൈയാങ്കളിയിൽ അയൽവാസിയുടെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു. തൃക്കാക്കര മാമ്പള്ളിപ്പറമ്പ് സ്വദേശി തുണ്ടിപ്പറമ്പിൽ വീട്ടിൽ പരേതനായ ജോയിയുടെ മകൻ മനു ജോയ് (35) ആണ് മരിച്ചത്. സംഭവത്തിൽ കിഴുപ്പിള്ളി വീട്ടിൽ ജസ്റ്റിൻ ജോയി(31)യെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം. മൂന്നു സുഹൃത്തുക്കളോടൊപ്പം മനു വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ അയൽവാസിയായ ജസ്റ്റിൽ വരുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും മനുവിനെ ജസ്റ്റിൻ കത്തിക്ക് കുത്തുകയുമായിരുന്നെന്ന് പറയുന്നു.
നെഞ്ചിൽ ആഴത്തിൽ കുത്തേറ്റ മനുവിനെ സുഹൃത്തുക്കൾ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മനു പാചകത്തൊഴിലാളിയായിരുന്നു. മാതാവ്: സോണി. സഹോദരി സിനി.