പുക പരിശോധനയിൽ തട്ടിപ്പ്; പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ്
1416657
Tuesday, April 16, 2024 5:54 AM IST
കാക്കനാട്: പുക പരിശോധനയിൽ എല്ലാ വാഹനങ്ങൾക്കും ഒരേ റീഡിംഗ് നൽകിയ പരിശോധന കേന്ദ്രത്തിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. എറണാകുളം സൗത്ത് പാലത്തിന് സമീപത്തെ ഇമ്മാനുവേൽ പുക പരിശോധനാ കേന്ദ്രത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
അവിടെ പരിശോധനയ്ക്കെത്തിയ നൂറുകണക്കിന് വാഹനങ്ങളിൽ പൂജ്യം റീഡിംഗ് കണ്ടെത്തിയതിനെത്തുടർന്ന് ട്രാൻസ്പോർട്ട് കമ്മീഷണറുടെ സ്ക്വാഡ് എറണാകുളം ആർടിഒ മനോജിനെ അറിയിക്കുകയായിരുന്നു.
ആർടിഒയുടെ നിർദേശത്തെ തുടർന്ന് എ.ആർ. രാജേഷ്, ബിനു എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥാപനത്തിൽ പരിശോധന നടത്തിയത്. സ്ഥാപനത്തിൽ പുക പരിശോധിക്കാനുപയോഗിക്കുന്ന കുഴൽ മാറ്റി അനധികൃതമായി ചെറിയ കുഴൽ പിടിപ്പിച്ചതായി കണ്ടെത്തി.
സ്ഥാപനത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദേശിച്ചു. സംഭവത്തിൽ ആർടിഒയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. കൂടാതെ പുക പരിശോധനാ ഉപകരണം നൽകിയ കമ്പനിയോട് വിശദീകരണം തേടിയിട്ടുണ്ട്.