കോതമംഗലം : കോട്ടപ്പടി കുളങ്ങാട്ടുകുഴിയിൽ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നാശം വരുത്തി. കുളങ്ങാട്ടുകുഴിയിൽ സെന്റ് ജോർജ് യാക്കോബായ പള്ളിക്ക് സമീപത്താണ് ആനക്കൂട്ടം നാശം വിതച്ചത്. വിവിധ കൃഷിയിടങ്ങളിലെയും കാർഷികവിളകൾ നശിപ്പിച്ചു. കൊറ്റാലിൽ തങ്കച്ചന്റെ പറന്പിൽ പൈനാപ്പിളും വാഴകളും നശിപ്പിച്ചു.
കോട്ടപ്പാറ വനമേഖലയോട് ചേർന്നുള്ള പ്രദേശത്താണ് ആനശല്യം. ദിവസങ്ങൾക്ക് മുന്പ് ആന കിണറിൽവീണ കോട്ടപ്പടി മുട്ടത്തുപാറക്ക സമീപത്താണ് ആനക്കൂട്ടം ജനവാസ മേഖലയിലെത്തിയത്. അന്നത്തെ ആനക്കൂട്ടം തന്നെയാകാം ഇതെന്ന് നാട്ടുകാർ പറയുന്നു. വേട്ടാന്പാറ ഭാഗത്തും ആനകൾ ജനവാസമേഖലയിൽ ശല്യമുണ്ടാക്കിയിട്ടുണ്ട്. പ്ലാന്റേഷനിൽ ജനവാസ മേഖലകളോടടുത്തുതന്നെയാണ് ആനക്കൂട്ടങ്ങൾ നിലയുറപ്പിച്ചിട്ടുള്ളത്.