കാട്ടാന വിഷയത്തിൽ വീണ്ടും പ്രതിഷേധം, ഒടുവിൽ ധാരണ
1416267
Sunday, April 14, 2024 4:25 AM IST
കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ മുട്ടത്തുപാറ പ്ലാച്ചേരിയില്‍ കാട്ടാന കിണറ്റിൽ വീണതുമായി ബന്ധപ്പെട്ട് ഇന്നലെയും (ശനിയാഴ്ച) നാട്ടുകാരുടെ പ്രതിഷേധം. സ്ഥല ഉടമയ്ക്ക് ആവശ്യമായ നഷ്ടപരിഹാരം ഉറപ്പ് നല്‍കാത്തതായിരുന്നു പ്രതിഷേധത്തിനിടയാക്കിയത്.
കിണര്‍ ഉടന്‍ പുനര്‍നിര്‍മിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതോടെ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു. വെള്ളിയാഴ്ച തടഞ്ഞുവച്ച ജെസിബിയും വിട്ടുനല്‍കി. ഉറപ്പു പാലിച്ചില്ലെങ്കില്‍ വീണ്ടും സമരം നടത്തുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്കി.
പ്ലാച്ചേരി കൂലാഞ്ഞി കുഞ്ഞപ്പന്റെ പുരയിടത്തില്‍ 12 വീട്ടുകാര്‍ ഉപയോഗിച്ചിരുന്ന കിണറിലായിരുന്നു കാട്ടുകൊമ്പന് വീണത്. ആനയുടെ പരാക്രമത്തിനും വനംവകുപ്പിന്റെ രക്ഷാപ്രവര്‍ത്തനത്തിനും ഒടുവിൽ കിണര്‍ ഭാഗികമായി തകര്‍ന്നിരുന്നു. വനംവകുപ്പും പഞ്ചായത്ത് പ്രസിഡന്റും ഉറപ്പ് നല്‍കുകയും എസ്റ്റിമേറ്റ് നടപടിയിലേക്ക് നീങ്ങുകയും ചെയ്തതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡന്റും വനംവകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. വനം വകുപ്പ് അധികൃതരുടെ ചുമതലയില്‍ രാവിലെ കിണറിലെ വെള്ളം പമ്പ് ചെയ്ത് ചെളികോരി കളയുകയും ചെയ്തു.
കിണര്‍ പുനര്‍നിര്‍മിക്കുന്ന കാര്യത്തില്‍ രാവിലെ പൊതുമരാമത്ത് കെട്ടിട വിഭാഗം എന്‍ജിനീയറും പഞ്ചായത്ത് എന്‍ജിനീയറും സ്ഥലത്തെത്തി എസ്റ്റിമേറ്റെടുത്തു. കിണറിന് കേടുപാടുണ്ടായതും നാലുവശവും ആള്മറയായി മൂന്നടി ഉയരത്തില്‍ കല്‍ക്കെട്ട് പണിയുന്നതിന് ഉള്‍പ്പെടെ ധനസഹായം അനുവദിക്കുന്നതിനാണ് എസ്റ്റിമേറ്റ് എടുത്തത്.
എസ്റ്റിമേറ്റ് ജില്ല കളക്ടര്‍ക്ക് അയച്ചുകൊടുത്തു. കൂടാതെ സ്ഥല ഉടമയ്ക്ക് ജെസിബി എത്തിക്കാനും മറ്റുമായി ഉണ്ടായ നാശത്തിന് വനം വകുപ്പ് നഷ്ടപരിഹാരം നല്‍കും. കിണര്‍ ശുചീകരിച്ച് നിര്‍മാണം പൂര്‍ത്തിയാകും വരെ ടാങ്കറില്‍ വെള്ളവും എത്തിച്ച് നല്‍കും.