മാധ്യമ പ്രവര്ത്തകന് മര്‍ദനം; രണ്ടു യുവാക്കള്‍ അറസ്റ്റിൽ
1415937
Friday, April 12, 2024 4:20 AM IST
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രത്യേക പരിപാടിയുടെ ചിത്രീകരണത്തിനിടെ മാധ്യമപ്രവര്‍ത്തനെ മര്‍ദിച്ച രണ്ടു യുവാക്കള്‍ അറസ്റ്റില്‍. എറണാകുളം എടവനക്കാട് സ്വദേശികളായ അഖില്‍ (37), ആഷിക് (30) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി എറണാകുളം മറൈന്‍ ഡ്രൈവിലായിരുന്നു സംഭവം. വോട്ടേഴ്സ് ടോക്ക് എന്ന പരിപാടിയുടെ ചിത്രീകരണത്തിനിടെ മദ്യലഹരിയിലായിരുന്ന അഖിലും ആഷിക്കും ചേര്‍ന്ന് അമൃത ടിവി സീനിയര്‍ കാമറാമാന് സി.എസ്.ബൈജുവിനെ സമീപിച്ച് തങ്ങളുടെ കാമുകിയെക്കുറിച്ച് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിയാണെന്നും അതുമായി ബന്ധപ്പെട്ട നിങ്ങളുടെ അഭിപ്രായം പറയാമെന്നും പറഞ്ഞ് ഇവരെ പറഞ്ഞയച്ചു.
അല്‍പ്പസമയത്തിനുശേഷം തിരിച്ചെത്തിയ ഇരുവരും യാതൊരു പ്രകോപനവും കൂടാതെ ബൈജുവിനെ അസഭ്യം പറയുകയും മര്‍ദിക്കുകയും കാമറ നശിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
സംഭവസ്ഥലത്തെത്തിയ എറണാകുളം സെന്‍ട്രല്‍ പോലീസ്, മദ്യലഹരിയിലായിരുന്ന ഇരുവരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.