വിനു വിക്രമൻ വധം: രണ്ടു പ്രതികൾ റിമാൻഡിൽ
1415936
Friday, April 12, 2024 4:20 AM IST
നെടുമ്പാശേരി: കുറുമശേരിയിൽ വിനു വിക്രമൻ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ചെങ്ങമനാട് പോലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു. പാറക്കടവ് കുറുമശേരി വേങ്ങുപ്പറമ്പിൽ വീട്ടിൽ നിതിൻ (30), കുറുമശേരി മണ്ണാറത്തറ വീട്ടിൽ ദീപക് (36) എന്നിവരാണ് അറസ്റ്റിലായത്. ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
ബുധനാഴ്ച പുലർച്ചെയാണ് വിനു വിക്രമനെ ദേഹമാസകലം വെട്ടേറ്റ നിലയിൽ കുറുമശേരി പ്രിയ ആശുപത്രിക്കുസമീപം കാണപ്പെട്ടത്. പിന്നീട് കറുകുറ്റി അഡ്ലക്സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞു. തുടർന്ന് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പ്രതികളെ വടക്കേക്കര ലേബർ ജംഗ്ഷന് സമീപത്തുനിന്ന് പിടികൂടി.
നിതിനെതിരെ കാലടി, അങ്കമാലി, നെടുമ്പാശേരി, ചെങ്ങമനാട് എന്നീ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. ദീപക് നെടുമ്പാശേരി, ചെങ്ങമനാട് പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതിയാണ്.
ആലുവ ഡിവൈഎസ്പി എ. പ്രസാദിന്റെറെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ആർ. കുമാർ, എസ്ഐ മാരായ സന്തോഷ് ഏബ്രഹാം, നൗഷാദ് തുടങ്ങിയവർ ഉണ്ടായിരുന്നു.