പാര്‍ക്കിംഗ് മേഖലയില്‍ കിടന്നുറങ്ങിയ സെക്യൂരിറ്റി ജീവനക്കാരന് കാറിടിച്ച് പരിക്ക്
1415734
Thursday, April 11, 2024 4:50 AM IST
കൊച്ചി: പാര്‍ക്കിംഗ് മേഖലയില്‍ കിടന്നുറങ്ങിയ സെക്യൂരിറ്റി ജീവനക്കാരന് കാറിടിച്ച് പരിക്കേറ്റു. കെപിസിസി ജംഗ്ഷന് സമീപത്തെ പാര്‍ക്കിംഗ് മേഖലയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. പാതാളം സ്വദേശി പി. ജയകൃഷ്ണനാണ് (35) അപകടത്തില്‍ പരിക്കേറ്റത്.
വയറിനും കാലിനും പരിക്കേറ്റ ജയകൃഷ്ണന് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ കാര്‍ തിരിച്ചറിഞ്ഞു. ഓടിച്ച യുവതിയെ പ്രതിചേര്‍ത്ത് സെന്‍ട്രല്‍ പോലീസ് കേസെടുത്തു. ഇവരെ വിളിച്ചുവരുത്തി മൊഴിയെടുക്കും.
സ്വകാര്യ പാര്‍ക്കിംഗ് മേഖലയോട് ചേര്‍ന്നുള്ള കെട്ടിടത്തിലെ മുന്‍ സെക്യൂരിറ്റി ജീവനക്കാരനാണ് ജയകൃഷ്ണന്. തലേദിവസം ഇവിടെ എത്തിയ ഇയാള്‍ പാര്‍ക്കിംഗ് മേഖലയില്‍ കിടന്നുറങ്ങിപ്പോയി. രാവിലെ ഹെല്‍ത്ത് ക്ലബ്ബില്‍ എത്തിയതായിരുന്നു യുവതി. പതിവുപോലെ കാര്‍പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. യുവതി തന്നെയാണ് ജയകൃഷ്ണനെ ആശുപത്രിയില്‍ എത്തിച്ചത്.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സിസിടിവി പരിശോധിച്ചതില്‍ നിന്നാണ് പോലീസ് കാര്‍ തിരിച്ചറിഞ്ഞത്. സഡണ്‍ ബ്രേക്കിട്ട് കാര്‍ നിർത്തിയത് വന്‍അപകടം ഒഴിവാക്കി. ഇതിനിടെ സെക്യൂരിറ്റി ജീവന ക്കാരൻ എന്തിന് ഇവിടെ എത്തിയതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.