മുഖം മിനുക്കി ചങ്ങമ്പുഴ പാര്‍ക്ക്
1415730
Thursday, April 11, 2024 4:50 AM IST
കൊച്ചി: നഗരത്തിലെ പ്രധാന സാംസ്കാരിക കേന്ദ്രങ്ങളിലൊന്നായ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിന്റെ പുനരുദ്ധാരണം അവസാനഘട്ടത്തില്‍. മനോഹരമായ നടപ്പാതയും ആധുനിക ലൈറ്റുകളും ആംഫി തീയറ്ററും കുട്ടികള്‍ക്കുള്ള പാര്‍ക്കുമൊക്കെയായി നവീകരിച്ച ചങ്ങമ്പുഴ പാര്‍ക്ക് ജൂണോടെ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാണ് ശ്രമം.
കൊച്ചി സ്മാര്‍ട് മിഷന് ലിമിറ്റഡിന്റെ ധനസഹായത്തോടെ നാലു കോടി ചെലവിലാണ് പാര്‍ക്ക് നവീകരിക്കുന്നത്. നടപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയായി. മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള കാനയുടെ പണികളും പൂര്‍ത്തിയായി. ഓഫീസ് കെട്ടിടത്തിനു മുന്നില്‍ ഗാലറിയുടെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്.
പുതുതായി നിര്‍മിക്കുന്ന ആംഫി തീയറ്ററിന്റെ മേല്‍ക്കുര സ്ഥാപിക്കുന്ന പണികള്‍ ചെയ്യാനുണ്ട്. ഓഫീസ് കെട്ടിടത്തിന്റെ നവീകരണവും കുട്ടികളുടെ പാര്‍ക്കിന്റെ നിര്‍മാണവും ഇനി നടക്കാനുണ്ട്. ഏറ്റവും ഒടുവിലാകും ചുറ്റുമതിലിന്റെ നിര്‍മാണം.
പൂര്‍ണമായും സൗരോര്‍ജ സംവിധാനത്തിലാകും പാര്‍ക്കിന്റെ പ്രവര്‍ത്തനം. മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനുള്ള സംവിധാനവും പദ്ധതിയുടെ ഭാഗമായുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്സാണ് നവീകരണ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയാറാക്കിയത്.
റോഡ് നിരപ്പിനേക്കാള്‍ ഭൂമി ഉയര്‍ത്തി കൂടുതല്‍ കാണികള്‍ക്ക് സൗകര്യപ്രദമായ വിധം ഇരുന്ന് കലാപ്രകടനങ്ങള്‍ ആസ്വദിക്കാന്‍ കഴിയും വിധമാണ് നവീകരണം. അതേസമയം നിലവിലുള്ള ഓപ്പണ്‍ ഓഡിറ്റോറിയം അതേപടി നിലനിര്‍ത്തും.
കഴിഞ്ഞ ജൂലൈയിലാണ് പാര്‍ക്കിന്റെ നവീകരണ പദ്ധതി ജിസിഡിഎ പ്രഖ്യാപിച്ചത്. ഈ വര്‍ഷം മാര്‍ച്ചോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ടെണ്ടര്‍ നടപടികളിലുണ്ടായ തടസങ്ങള്‍ വൈകാനിടയാക്കി. ആദ്യം ടെൻഡറില്‍ പങ്കെടുത്ത ഏക കമ്പനിയുടെ പ്രധാന ആവശ്യം നിര്‍മാണം നടക്കുന്ന ആറു മാസത്തേക്ക് പാര്‍ക്ക് അടച്ചിടണം എന്നതായിരുന്നു.
ചങ്ങമ്പുഴ പാര്‍ക്ക് ഭരണ സമിതിക്കും ഇതിനോട് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. ജിസിഡിഎയും കരാറുകാരന്റെ ആവശ്യം അംഗീകരിച്ചില്ല. രണ്ടാമത് ടെൻഡര്‍ ക്ഷണിച്ചപ്പോള്‍ പങ്കെടുത്ത കമ്പനി വന്‍തുക പ്രതിഫലം ആവശ്യപ്പെട്ടു. അങ്ങനെ അതും ഒഴിവാക്കി. പിന്നീട് മൂന്നാമത് വിളിച്ചാണ് നിര്‍മാണ കരാര്‍ നല്‍കിയത്.