ദേശീയപാതയിലെ ആലുവ ബൈപ്പാസ് : മേൽപ്പാലം ബലപ്പെടുത്തൽ ആരംഭിച്ചു
1415528
Wednesday, April 10, 2024 4:27 AM IST
ആലുവ: ദേശീയപാതയിലെ ആലുവ ബൈപാസ് മേൽപ്പാലത്തിലെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ഗർഡറുകൾക്ക് രണ്ടിടത്തായി സംഭവിച്ച വിള്ളലുകൾ താഴെനിന്ന് അടയ്ക്കുന്ന ജോലിയാണ് ആരംഭിച്ചത്. ഒരു മാസം നീണ്ടുനിൽക്കുന്ന പ്രവർത്തികളാണ് ഇവിടെ ഉണ്ടാകുക.
പ്രാരംഭത്തിൽ വീ ഗ്ലൂ കട്ടിംഗ് ആണ് നടത്തിയത്. ഡ്രില്ലിംഗ്, ഇപ്പോക്സി മോർട്ടർ, ഇപ്പോക്സി ഗ്രൗട്ട് എന്നിവയാണ് അടുത്ത ഘട്ടത്തിൽ 30 ദിവസംകൊണ്ട് നടക്കുക. നാലംഗ സംഘമാണ് ജോലി നിർവഹിക്കുന്നത്. കൊച്ചി മെട്രോയുടെ പ്രധാന പാർക്കിഗ് ഗ്രൗണ്ടിന് സമാന്തരമായുള്ള മേൽപ്പാലത്തിലെ ഗർഡറുകളിലാണ് കഴിഞ്ഞ വർഷം നടത്തിയ പരിശോധനയിൽ വിള്ളൽ കണ്ടെത്തിയത്.
ദേശീയപാതയിലെ മാർത്താണ്ഡ വർമ്മ പാലം, മംഗലപ്പുഴ പാലം എന്നിവയുടെ ബലപ്പെടുത്തൽ നടപടികൾ നടന്നതിന് പിന്നാലെയാണ് ബൈപാസ് മേൽപ്പാലത്തിലും അറ്റകുറ്റപ്പണി നടത്തുന്നത്. ഫെബ്രുവരി 10ന് ആരംഭിച്ച പണിയാണിത്.
ബൈപ്പാസ് മേൽപ്പാലത്തിനടിയിൽ ഏണി സ്ഥാപിച്ചാണ് അറ്റകുറ്റപ്പണികൾ നടക്കുന്നതെങ്കിലും സർവീസ് റോഡുകളിലെ ഗതാഗതത്തെ ബാധിക്കില്ല. നാലു ദിവസംകൊണ്ട് തീർക്കാനാകുമെന്ന് പ്രതീക്ഷിച്ച പ്രവർത്തിയാണ് 30 ദിവസത്തേക്ക് നീളുന്നത്.