വണ്ടിച്ചെക്ക് കേസിൽ ബിജെപി നേതാവിനെതിരെ അറസ്റ്റ് വാറണ്ട്
1395860
Tuesday, February 27, 2024 6:24 AM IST
പറവൂർ: വണ്ടിച്ചെക്ക് നൽകി വീട്ടമ്മയെ കബളിപ്പിച്ച കേസിൽ ബിജെപി നേതാവിനെതിരെ പറവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. നാഗ്പൂർ രാംനഗറിൽ താമസിക്കുന്ന ഉദയഭാസ്കറിനെതിരെയാണ് നാഗ്പൂരിലെ അമ്പാസെരി പോലീസ് സ്റ്റേഷൻ വാറണ്ട് പുറപ്പെടുവിച്ചത്.
ചേന്ദമംഗലം പാലിയത്ത് രാജേന്ദ്രൻ കുട്ടന്റെ ഭാര്യ സീതാദേവി ആർ. കുട്ടൻ നൽകിയ പരാതിയിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നാഗ്പൂരിലെ മലയാളി വ്യവസായി കൂടിയായ ഉദയഭാസ്കർ, 2013ൽ സീതാദേവി ആർ. കുട്ടന്റെ പക്കൽ നിന്നു 10 ലക്ഷം രൂപ വാങ്ങിയിരുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ 10 ലക്ഷം രൂപയുടെ ചെക്ക് നൽകിയെങ്കിലും മടങ്ങിയതിനെത്തുടർന്നാണ് സീതാദേവി കോടതിയെ സമീപിച്ചത്.