കൊ ച്ചി ക്ക് ഇനി ആഘോഷ നാളുകൾ
1374906
Friday, December 1, 2023 6:09 AM IST
കൊച്ചി: ക്രിസ്മസിനും പുതുവസരത്തിനും ഒരുങ്ങുന്ന കൊച്ചിയില്‍ ഇനി ആഘോഷത്തിന്റെ നാളുകള്‍. ഇന്നു മുതല്‍ കൊച്ചിക്ക് തിരക്കിന്റെ രാവുകളാണ്. രാഷ്ട്രീയ, സാംസ്കാരിക സമ്മേളനങ്ങളും മേളകളും നൃത്ത, സംഗീത പരിപാടികളുമായി ഇനിയുള്ള രാപകലുകൾ കൊച്ചി ആഘോഷ തിമര്പ്പിലാക്കും.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് നഗരത്തില്‍ ആദ്യമെത്തുന്ന വിശിഷ്ടാതിഥി. ഇന്ന് രാവിലെ 11ന് മറൈന്‍ ഡ്രൈവില്‍ മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന കണ്വന്ഷന് ഉദ്ഘാടനം ചെയ്യുന്ന അദ്ദേഹം ഉച്ചയ്ക്ക് ശേഷം ടൗണ്‍ഹാളില്‍ മറ്റൊരു പരിപാടിയിലും പങ്കെടുക്കും. അരലക്ഷം പേരെയാണ് മഹിളാ കോണ്‍ഗ്രസ് പരിപാടിയില്‍ പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ എറണാകുളം മണ്ഡലത്തിലെ സമ്മേളനം എട്ടിനാണ്. വൈകിട്ട് ആറിനാണ് പൊതുസമ്മേളനം.
പുഷ്പോത്സവം, പുസ്തകമേള, ഉത്സവം, നൃത്തം, സംഗീതം, കുടുംബശ്രീ ദേശീയ സരസ് മേള, ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ തുടങ്ങിയ പരിപാടികളും വരും ദിവസങ്ങള്‍ക്ക് മാറ്റുകൂട്ടും. കൊച്ചിയുടെ സാഹിത്യ ഭൂപടത്തില്‍ ഇടം പിടിച്ച കൊച്ചി അന്താരാഷ്ട്ര പുസ്തകമേളയ്ക്കും ഇന്ന് തുടക്കമിടും. എറണാകുളത്തപ്പന് ഗ്രൗണ്ടിലാണ് പുസ്തകമേള ആരംഭിക്കുന്നത്. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ ആരംഭിച്ച നൃത്തോത്സവത്തിന് നൂറുകണക്കിന് കലാസ്വാദകരാണ് ദിവസേന വന്നു പോകുന്നത്.
ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയും ജിസിഡിഎയും സംയുക്തമായി സംഘടിപ്പിക്കുന്ന 40-ാമത് കൊച്ചിന് ഫ്ളവർ ഷോയ്ക്ക് എറണാകുളം മറൈന്‍ ഡ്രൈവില്‍ 22ന് പൂ വിരിയും. ജനുവരി ഒന്നുവരെയാണ് മേള. പതിനായിരത്തിലേറെ ഇനം പൂച്ചെടികള്‍ മറൈന്‍ ഡ്രൈവിലെ പുഷപവാടിയെ ആകര്‍ഷകമാക്കും.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ സരസ് മേളയ്ക്ക് 21ന് കലൂര്‍ സ്റ്റേഡിയത്തില്‍ തുടക്കമാകും. ഗ്രാമീണമേഖലയിലെ വനിതാ സംരംഭകരുടെയും സ്വയം സഹായ സംഘങ്ങളുടെയും വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളാണ് ജനുവരി ഒന്നുവരെ നീളുന്ന മേളയിലുള്ളത്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, സ്റ്റീഫന്‍ ദേവസി, നഞ്ചിയമ്മ, ആശ ശരത്, റിമി ടോമി തുടങ്ങിയവരുടെ കലാപരിപാടികള്‍ അരങ്ങേറും.
ക്രിസ്മസ് ആഘോഷ പരിപാടികളും കൊച്ചിന് കാര്‍ണിവലും 31ന് രാത്രിയിലെ പുതുവത്സരാഘോഷങ്ങളുമൊക്കെ ഇത്തവണയും കൊച്ചിയുടെ ആഘോഷ രാവുകളെ വര്‍ണാഭമാക്കും.