തമ്മനം-പുല്ലേപ്പടി റോഡ് വികസനം: റവന്യു, പൊതുമരാമത്ത് അനാസ്ഥ; ജനപ്രതിനിധികള്‍ക്ക് അതൃപ്തി
1374390
Wednesday, November 29, 2023 6:46 AM IST
കൊച്ചി: സ്ഥലം ഏറ്റെടുത്തിട്ടും നവീകരണം നടക്കാത്ത തമ്മനം-പുല്ലേപ്പടി റോഡ് വികസനത്തില്‍ റവന്യു, പൊതുമരാമത്ത് വകുപ്പുകളെ വിമര്‍ശിച്ച് ജനപ്രതിനിധികള്‍. നിലവില്‍ റവന്യു വിഭാഗത്തിന്റെ പക്കലുള്ള റോഡ് പിഡബ്ല്യുഡിക്ക് കൈമാറുന്ന പ്രകിയ നീണ്ടു പോകുന്നതില്‍ ഹൈബി ഈഡന് എംപി, ടി.ജെ. വിനോദ് എംഎല്‍എ ഉള്‍പ്പടെയുള്ള ജനപ്രതിനിധികളാണ് പ്രതിമാസ അവലോകന യോഗം വിമര്‍ശനം ഉന്നയിച്ചത്.
ഒരു മാസത്തിനകം ഭൂമി പൂര്‍ണമായും പൊതുമരാമത്ത് വകുപ്പിന് കൈമാറുമെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഉറപ്പ് നല്കി. അലൈന്മെന്റ് തയാറാക്കുന്നതിന് പൊതുമരാമത്ത് ഡിസൈന്‍ വിഭാഗം നടപടികള്‍ ആരംഭിച്ചു. ആവശ്യമായ ഫണ്ട് കെആര്‍എഫ്ബിയില്‍ നിന്നും അനുവദിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
അറ്റ്ലാന്റിസ് റെയില്‍വേ മേല്‍പ്പാല നിര്‍മാണത്തിനായി കരട് വിജ്ഞാപനം നടക്കാത്ത കേസുകളില്‍ സര്‍വേ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് യോഗം നിര്‍ദ്ദേശം നല്കി. അവിടെ താമസിക്കുന്ന ഏതാനും വീട്ടുകാര്‍ക്ക് ജിസിഡിഎയില്‍ നിന്നും ഭൂമിയുടെ രേഖകള്‍ ലഭ്യമാക്കി ആനുകൂല്യം നല്‍കണമെന്ന് തീരുമാനിച്ചു. ഭൂമിയുടെ ആധാരങ്ങള്‍ പൂര്‍ണമായും ലഭ്യമാക്കുന്ന മുറയ്ക്ക് ഏറ്റെടുത്ത സ്ഥലം നിര്‍മാണത്തിന് വിട്ടുനല്‍കും. യോഗത്തില്‍ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, നഗരസഭാ, റവന്യു, ആര്‍ബിസിഡികെ, കെആര്‍എഫ്ബി, പിഡബ്ല്യുഡി വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.