ജലസ്രോതസ് തകർക്കാനുള്ള ശ്രമം; ആർഡിഒയ്ക്ക് പരാതി നൽകി
1374381
Wednesday, November 29, 2023 6:46 AM IST
മൂവാറ്റുപുഴ: ജലസ്രോതസ് തകർത്ത് സ്വകാര്യ കന്പനി നിർമിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം വ്യാപകം. ആയവന പഞ്ചായത്ത് ഒന്പത്, 10 വാർഡുകളിലെ 150 ഓളം ആളുകളാണ് പരാതിയുമായി ആർഡിഒയെ സമീപിച്ചത്.
വരും ദിവസങ്ങളിൽ ഉന്നതാധികാരികൾക്കുകൂടി പരാതി നൽകി ശക്തമായ പ്രക്ഷോഭം ആരംഭിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാർ. ആയവന ടൗണിൽ നിന്ന് മരുതൂർ റൂട്ടിൽ ഒരു കിലോ മീറ്ററോളം ദൂരത്തായി അഞ്ച് ഏക്കർ വരുന്ന ഭൂമിയാണ് ഇടിച്ചു നിരത്തി പ്ലൈവുഡ് കന്പനി തുടങ്ങാനുള്ള നീക്കം നടക്കുന്നത്.
നാടിന്റെ പ്രധാന ജലസ്രോതസ് തകർത്തുകൊണ്ടാണ് കന്പനിയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. സ്ഥലത്തിന്റെ പല ഭാഗങ്ങളിലും ഫാക്ടറിക്കുവേണ്ടിയെന്ന രീതിയിൽ വലിയ പില്ലറുകൾക്കുള്ള കുഴികളുടെ നിർമാണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ വർഷങ്ങളായി സ്ഥിതിചെയ്യുന്ന ഒരു നീരുറവയുണ്ട്. പ്രദേശത്തെ ബഹുഭൂരിപക്ഷം കുടുംബങ്ങളുടെയും കുടിവെള്ളസ്രോതസാണ് ഈ നീരുറവ. ഇവിടെ നിന്ന് ഒഴുകുന്ന വറ്റാത്ത വെള്ളമാണ് ചങ്ങംചിറ എന്ന കയ്യാണി തോടിന് ജീവൻ നൽകുന്നത്. ഈ തോടിന്റെ ഇരുവശങ്ങളിൽ താമസിക്കുന്ന ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങളും കൃഷി ആവശ്യങ്ങളും നിർവഹിക്കുന്നതിലും തോടിന് ഏറെ പങ്കുണ്ട്.
തോട് ഒഴുകി വലിയ തോട്ടിലെത്തിയശേഷം കനാൽ വഴി മൂവാറ്റുപുഴയാറിൽ ലയിക്കും. പ്രദേശത്തെ 150 ഓളം കുടുംബങ്ങൾ ആശ്രയിക്കുന്ന ജലസ്രോതസിനെയാണ് ഇല്ലാതാക്കാനൊരുങ്ങുന്നത്. പ്രദേശത്തെ വീടുകളിലെ കിണറുകളുടെയും കുളങ്ങളുടെയും വെള്ളം നിലനിർത്തുന്നതിലും ഇതിന്റെ പങ്ക് വലുതാണ്. വേനൽക്കാലത്ത് കുടിവെള്ളത്തിന് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രദേശമാണിത്.
കിണറുകൾ കുഴിച്ചശേഷം വെള്ളം കിട്ടാതെ മൂടിക്കളഞ്ഞ പലരുമുണ്ട്. ഈ സാഹചര്യത്തിലാണ് ഗ്രാമത്തിലെ ഒരു വലിയ ജലസ്രോതസിനെ നഷ്ടപ്പെടുത്തുന്നത്. കൂടാതെ കന്പനി വരുന്നതുമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും ജനങ്ങൾ ഭയപ്പെടുന്നുണ്ട്.
ശുദ്ധജലം ഒഴുകിയിരുന്ന നീർച്ചാലുകൾ മലിനജല വാഹനികളായി മാറുമെന്നും നാട്ടുകാർ ആരോപിക്കുന്ന. വരുംദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.