ആൻ റിഫ്റ്റയുടെ സംസ്കാരം ഇന്ന്
1374158
Tuesday, November 28, 2023 3:07 AM IST
പറവൂർ: കുസാറ്റിലെ അപകടത്തിൽ മരണമടഞ്ഞ ആൻ റിഫ്റ്റയുടെ മൃതദേഹം കുറുമ്പത്തുരുത്തിലെ വീട്ടിലെത്തിച്ചു. ഒരാഴ്ച മുമ്പ് വീട്ടിൽ വന്ന് തിരിച്ചുപോയ ആനിന്റെ മൃതദേഹം വീട്ടിലേക്കെത്തിയതോടെ "നുന്നുമോളേ' എന്ന് വിളിച്ച് പിതാവ് റോയ് ജോർജ്കുട്ടിയും സഹോദരൻ റിഥുലും അമ്മൂമ്മ റോസിയും അലമുറയിട്ടു.
പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ആൻ, പത്താം ക്ലാസ് വരെ പഠിച്ച പുത്തൻവേലിക്കര മേരി വാർഡ് ഇംഗ്ലിഷ് മീഡിയം സ്കൂളിലേക്ക് പൊതുദർശനത്തിനു കൊണ്ടുപോയി. അധ്യാപകരും വിദ്യാർഥികളും അവിടെ അന്തിമോപചാരമർപ്പിച്ചു.
തുടർന്നാണ് മൃതദേഹം വീട്ടിലേക്കെത്തിച്ചത്. ബിഷപ് ഡോ.അലക്സ് വടക്കുംതലയുടെ കാർമികത്വത്തിൽ പ്രാർഥനാശുശ്രൂഷ നടത്തി. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പി രാജു തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
ഇറ്റലിയിൽ ജോലി ചെയ്യുന്ന അമ്മ സിന്ധു ഇന്നു പുലർച്ചെ നാലോടെ വീട്ടിലെത്തി. സംസ്കാരം ഉച്ചക്ക് ഒന്നിന് കുറുമ്പത്തുരുത്ത് സെന്റ് ജോസഫ് പള്ളിയിൽ നടക്കും. കുസാറ്റിൽ രണ്ടാം വർഷ എൻജിനീയറിംഗ് വിദ്യാർഥിനിയായിരുന്നു ആൻ റിഫ്റ്റ.
എട്ടു പേര് ആശുപത്രി വിട്ടു
കൊച്ചി: കുസാറ്റിലെ അപകടത്തില്‍ പരിക്കേറ്റു വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന എട്ടു പേര് ആശുപത്രി വിട്ടു. നിലവില്‍ 10 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ രണ്ടുപേര്‍ വീതം മെഡിക്കല്‍ കോളജ്, ആസ്റ്റര്‍, കിന്‍ഡര്‍ ആശുപത്രികളിലായി ഐസിയുവിലാണ്. ആസ്റ്ററില്‍ വെന്റിലേറ്ററിലായിരുന്ന രണ്ടുപേരുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവിലേക്കു മാറ്റി. മെഡിക്കല്‍ കോളജ്, രാജിഗിരി, ബിആന്‍ഡ്ബി ആശുപത്രികളിലായാണു മറ്റുള്ളവര്‍ ചികിത്സയിലുള്ളത്.
പരിക്കേറ്റവരുടെ മൊഴിയെടുത്തു
കൊച്ചി: കുസാറ്റില്‍ ഗാനസന്ധ്യക്കിടെ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ് ചികിത്സയിലുള്ള വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തി. എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 16 വിദ്യാര്‍ഥികളുടെ മൊഴിയാണ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. വരുംദിവസങ്ങളില്‍ സംഘാടകര്‍, കുസാറ്റ് വിസി, രജിസ്ട്രാര്‍, പരിപാടിയുമായി ബന്ധപ്പെട്ട അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരില്‍നിന്നടക്കം അന്വേഷണസംഘം മൊഴിയെടുക്കും.