കുസാറ്റിൽ സംഭവിച്ചത് നിരുത്തരവാദിത്വത്തിന്റെ നിര്‍മിത ദുരന്തം
1374157
Tuesday, November 28, 2023 3:07 AM IST
കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല (കുസാറ്റ്) യിൽ ടെക്ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തെ അക്ഷരാര്‍ത്ഥത്തില്‍ ‘മനുഷ്യ നിര്‍മിത ദുരന്ത'മെന്ന് വിശേഷിപ്പിക്കാം. പരിപാടിയുടെ സംഘാടനത്തിലെ പിഴവ് തുടങ്ങി ഏറ്റവും ഉത്തരവാദിത്വത്തോടെ കാര്യങ്ങളെ സമീപിക്കേണ്ടിയിരുന്ന സര്‍വകലാശാല അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ അലംഭാവവും പിഴവുമാണ് സംഭവിച്ചത്.
അപകട സാധ്യത മുന്‍കൂട്ടി കണ്ട് എന്‍ജിനീയറിംഗ് വിഭാഗം പ്രിന്‍സിപ്പാൾ നല്കിയ കത്ത് ഗൗരവത്തില്‍ കാണാതിരുന്നതും സര്‍വകലാശാല അധികൃതരുടെ നിരുത്തരവാദിത്വത്തിന്റെ തെളിവായി. നിയന്ത്രണങ്ങളില്‍, നിയമപാലനത്തില്‍, ആസൂത്രണത്തില്‍ ശ്രദ്ധ വച്ചിരുന്നെങ്കില്‍ പൂര്‍ണമായും ഒഴിവാക്കാനാകുമായിരുന്ന ദുരന്തമായിരുന്നു ഇത്.
ഓഡിറ്റോറിയത്തിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമായി ഒറ്റ കവാടം മാത്രം ക്രമീകരിച്ചതാണ് ആദ്യ പിഴവ്. ഇത്തരമൊരു പരിപാടി നടക്കുന്നതിനു മുന്നോടിയായി അപകട സാധ്യതകളെ മുന്നില്‍ കണ്ട് അതിനെ നേരിടേണ്ടതെങ്ങനയെന്ന് ബോധവത്കരണം നല്കുന്ന നിര്‍ദേശങ്ങളൊന്നും ഉണ്ടായുമില്ല.
ആളുകളെ പ്രവേശിപ്പിക്കാന്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ കുറ്റമറ്റതായിരുന്നുവെന്ന് സംഘാടകര്‍ അവകാശപ്പെടുമ്പോഴും പ്രവേശന കവാടത്തിലെ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനോ ഒഴിപ്പിക്കാനോ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നില്ല.
പരിപാടിയുടെ ക്രമീകരണം പൂര്‍ണമായും സംഘാടകര്ക്കായിരുന്നു. പോലീസിനെ രേഖാമൂലം അറിയിച്ചിരുന്നില്ലെന്ന് മാത്രമല്ല, ആള്‍ക്കൂട്ടം തിക്കും തിരക്കും ഉണ്ടാക്കിയപ്പോഴും സ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു.
ഗാനമേള ആരംഭിക്കാന്‍ അരമണിക്കൂര്‍ മാത്രം ശേഷിക്കെ ഏതുവിധേയനേയും ഓഡിറ്റോറിയത്തിനുള്ളില്‍ പ്രവേശിക്കാന്‍ തിരക്കുകൂട്ടുന്നതിനിടെയാണ് മഴ ചാറുന്നത്. ഇതൊരവസരമായി കണ്ട് ആള്‍ക്കൂട്ടം നിയന്ത്രണങ്ങള്‍ ഭേദിച്ച് ഓഡിറ്റോറിയത്തിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചു.
ഇതോടെ സംഘാടകര്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളെല്ലാം നിഷ്ഫലമായി. ഇരച്ചുകയറിയ ആള്‍ക്കൂട്ടം മുന്നിലെ പടികളില്‍ കാല്‍വഴുതി വീണു. ഒന്നിനു മുകളിലൊന്നായി ആളുകള്‍ വീണതാണ് അപകടത്തിന്റെ വ്യാപ്തി കൂടിയത്. അപകടത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ അടക്കം നാല് പേരാണ് ദാരുണമായി മരണപ്പെട്ടത്.
49 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. നിലവില്‍ 10 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. രണ്ട് പേര് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവിലാണ്.
പിന്നില്‍ ദുരൂഹത: എംപ്ലോയീസ് യൂണിയന്
കൊച്ചി: കത്ത് പോലീസിനെ ഏല്പിക്കാത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് കുസാറ്റ് എംപ്ലോയീസ് യൂണിയന് ജനറല്‍ സെക്രട്ടറി ആന്‍സണ്‍ പി. ആന്റണി ആരോപിച്ചു. പ്രോഗ്രാം നടക്കുന്ന തീയതിയും സമയവും ഉള്‍പ്പെടെ വ്യക്തമാക്കിയാണ് കത്ത് നല്‍കിയിരിക്കുന്നത്.
യൂണിവേഴ്സിറ്റി കാമ്പസില്‍ പല പരിപാടികള്‍ക്കായും പോലീസ് സംരക്ഷണം ഏര്‍പ്പെടുത്താറുള്ളതാണ്. പിന്നെ എന്തുകൊണ്ട് സര്‍വകലാശാല പോലീസ് സംരക്ഷണം ആവശ്യപ്പെട്ടില്ലെന്നതാണ് അറിയേണ്ടത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി
കൊച്ചി: കുസാറ്റില്‍ അപകടം നടന്ന സ്ഥലത്തും മറ്റിടങ്ങളിലും പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. അപകടത്തിന് മുന്‍പും ശേഷവും വിദ്യാര്‍ഥികളില്‍ പകര്‍ത്തിയ പത്തോളം മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങളും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവ വിശദമായി പരിശോധിക്കും.
അപകടം നടന്നതെങ്ങനെ, ഇതിന് ഇടയാക്കിയ സാഹചര്യം, പരിപാടിയുടെ നടത്തിപ്പില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. അസ്വാഭാവിക മരണത്തിനാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.
ആരെയും പ്രതി ചേര്‍ത്തിട്ടില്ല. ആദ്യഘട്ട മൊഴിയെടുപ്പിന് ശേഷമാകും പ്രതിചേര്‍ക്കുന്ന കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ വ്യക്തത വരിക. തൃക്കാക്കര എസിപി പി.വി. ബേബിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
ആഘാതമകറ്റാന് കൗണ്‍സിലിംഗ്
കളമശേരി: കുസാറ്റ് ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കൗണ്‍സിലിംഗ് നല്കുന്നു. ഇന്നലെ സര്‍വകലാശാല ആസ്ഥാനത്ത് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം.
സര്‍വകലാശാലയിലെ യൂത്ത് വെല്‍ഫെയര്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഉന്നത വിദ്യാഭാസ വകുപ്പിന്റെ കീഴിലുള്ള ജീവനിസെന്റര് ഫോര്‍ സ്റ്റുഡന്റ് വെല്‍ബീയിംഗ് പ്രോഗ്രാം, ജില്ലാ മാനസികാരോഗ്യ പരിപാടി എന്നിവരുടെ സഹകരണത്തോടെയാകും കൗണ്‍സലിംഗ് നല്‍കുക. സര്‍വകലാശാലയിലെ സ്റ്റുഡന്റ് അമനിറ്റി സെന്ററില്‍ ഇന്നു മുതല്‍ ആറ് കൗണ്‍സിലര്‍മാരുടെ സേവനം ഉണ്ടാകും.
ക്ലാസ് പുനരാരംഭിക്കുന്ന മുറയ്ക്ക് വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലേക്കും ആവശ്യാനുസരണം കൗണ്‍സിലിംഗ് ലഭ്യമാക്കും. നേരിട്ട് വരാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് സൗകര്യവും ഉണ്ടാകുമെന്നും വിസി അറിയിച്ചു.
ചികിത്സാച്ചെലവ് സര്‍വകലാശാല വഹിക്കും
കളമശേരി: ദുരന്തത്തില്‍ പരിക്കേറ്റ് ആശുപത്രിയിലുള്ളവരുടെ ചികിത്സാച്ചെലവ് സര്‍വകലാശാല വഹിക്കും. അപകടങ്ങളില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാനും വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന്റെ അധ്യക്ഷതയില്‍ ഇന്നലെ നടന്ന സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചു.
വീഴ്ച പഠിക്കാന്‍ ഉപസമിതി
കളമശേരി: വീഴ്ചകള്‍ പഠിക്കാനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതിനുമായി മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. സിന്‍ഡിക്കറ്റ് അംഗങ്ങളായ കെ.കെ. കൃഷ്ണകുമാര്‍ (കണ്‍വീനര്‍), ഡോ. ശശി ഗോപാലന്, ഡോ. വി.ജെ. ലാലി എന്നിവരടങ്ങുന്നതാണു സമിതി. വെള്ളിയാഴ്ചയ്ക്കു മുന്‍പായി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു നിര്‍ദേശം.