കോട്ടയ്ക്കകം-വടക്കേക്കോട്ട റോഡിൽ വെള്ളക്കെട്ട്
1339619
Sunday, October 1, 2023 5:35 AM IST
തൃപ്പൂണിത്തുറ: കെഎംആർഎല്ലിന്റെ കാന നവീകരണ പ്രവർത്തനങ്ങളും മറ്റും തകൃതിയായി നടന്നിട്ടും കോട്ടയ്ക്കകം-വടക്കേക്കോട്ട റോഡിൽ വെള്ളക്കെട്ട്. റോഡിന്റെ പടിഞ്ഞാറ് ഭാഗത്തുണ്ടായിരുന്ന വലിയ കാനയിലെ സ്ലാബുകളെല്ലാം മാറ്റി കെട്ടിക്കിടന്ന മണ്ണും മാലിന്യങ്ങളുമെല്ലാം കോരി മാറ്റി കാനയുടെ ഉയരം കൂട്ടി സ്ലാബ് ഇടുന്ന ജോലികൾ ഏറെക്കുറെ പൂർത്തിയായതോടെ ഇവിടത്തെ വെള്ളക്കെട്ടിന് ശമനമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ കഴിഞ്ഞ രണ്ടു ദിവസം പെയ്ത മഴയിൽ റോഡിൽ ശക്തമായ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്.
കാനയുടെ പണി നടക്കുന്ന സമയങ്ങളിൽ വെള്ളക്കെട്ടുണ്ടാകുമ്പോൾ വെള്ളം പമ്പ് ചെയ്ത് കളയാറുണ്ടായിരുന്നെങ്കിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ അതും ഉണ്ടായിരുന്നില്ല. ശനിയാഴ്ച്ച ഉച്ചയ്ക്ക് പെയ്ത മഴയിൽ ഇവിടെ കുടുങ്ങിയ ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ വെള്ളം കയറി എൻജിൻ നിലച്ചിരുന്നു.