ബേക്കറിയിലെ പരാക്രമം എസ്ഐ അറസ്റ്റിൽ
1337674
Saturday, September 23, 2023 1:14 AM IST
നെടുമ്പാശേരി: മദ്യലഹരിയിൽ ബേക്കറി ഉടമയെയും ഭാര്യയെയും സഹായികളെയും ക്രൂരമായി മർദിച്ച എസ്ഐ പി.എസ് സുനിലിനെ നെടുമ്പാശേരി പൊലിസ് അറസ്റ്റ് ചെയ്തു.
മർദനമേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് എസ്ഐ സുനിലിനെ ആലുവ റൂറൽ എസ്പി അന്വേഷണ വിധേയമായി വ്യാഴാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. അങ്കമാലി കോടതിയിൽ ഹാജരാക്കിയ എസ്ഐയെ ജാമ്യത്തിൽ വിട്ടയച്ചു.
ബുധനാഴ്ച രാത്രിയിലാണ് മദ്യ ലഹരിയിൽ എത്തിയ എസ്ഐ ദേശീയപാതയോരത്ത് കരിയാട്ടിൽ ബേക്കറി നടത്തുന്ന കോഴിപ്പാട്ട് വീട്ടിൽ കുഞ്ഞുമോനെയും മൂന്നുപേരെയും ആക്രമിച്ചത്. കുഞ്ഞുമോൻ കട അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ പോലിസ് ജീപ്പിൽ വന്നിറങ്ങിയ എസ്ഐ കണ്ണിൽ കണ്ടവരെയൊക്കെ മർദിക്കുകയായിരുന്നു.
ചൂരൽ കൊണ്ടുള്ള അടിയിൽ കുഞ്ഞുമോന്റെ വയറിലും കൈക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ എസ്ഐയെ തടഞ്ഞു വയ്ക്കുകയും നെടുമ്പാശേരി പോലീസിനെ വിളിച്ചുവരുത്തി കൈമാറുകയുമായിരുന്നു. രാത്രിയിൽ തന്നെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ നടത്തിയ വൈദ്യ പരിശോധനയിലാണ് എസ്ഐ മദ്യലഹരിയിലായിരുന്നെന്ന് വ്യക്തമായത്.
പോലീസിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിനാണ് സുനിലിനെ വ്യാഴാഴ്ച സസ്പെൻഡ് ചെയ്തത്. പ്രശ്നം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് പലരും സമീപിച്ചിരുന്നതായി കുഞ്ഞുമോൻ പറഞ്ഞു.
സ്കൂൾ വിദ്യാർഥിയായ മകളുടെ മുന്പിൽ വച്ചാണ് തന്നെയും ഭാര്യയെയും എസ്ഐ യാതൊരു കാരണവും കൂടാതെ മർദിച്ചതെന്നും നിയമപരമായി മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നും കുഞ്ഞുമോൻ വ്യക്തമാക്കി.