ശുദ്ധജല ടാങ്ക് സ്ഥാപിക്കൽ കോൺഗ്രസ്-മുസ്ലിം ലീഗ് പോര് തെരുവിൽ
1337471
Friday, September 22, 2023 3:10 AM IST
കാക്കനാട്: ശുദ്ധജല ടാങ്ക് സ്ഥാപിക്കുന്നതിനെ ചൊല്ലി കോൺഗ്രസ്-മുസ്ലിം ലീഗ് കൗൺസിലർമാരുടെ പോര് തെരുവിൽ സംഘർഷത്തിനു വഴിവച്ചു. ഈ വിഷയം ചർച്ച ചെയ്യാനായി ഇന്നലെ രാവിലെ നഗരസഭാ അധ്യക്ഷ സ്റ്റിയറിംഗ് കമ്മറ്റി യോഗം വിളിച്ചുചേർത്തിരുന്നു.
തർക്കം നടക്കുന്ന സ്ഥലത്ത് ഉച്ചയ്ക്ക് നഗരസഭാ ഭരണസമിതിയുടെ നേതൃത്വത്തിൽ പരിശോധന നടത്താനും യോഗം തീരുമാനിച്ചു. എന്നാൽ മുസ്ലിം ലീഗിലെ വൈസ് ചെയർമാൻ പി.എം. യൂനസ് പ്രദേശം സന്ദർശിക്കാൻ തയാറാകാതെ വന്നതോടെ ഭരണസമിതിയിൽനിന്ന് ആരും സ്ഥലത്തെത്തിയില്ല.
ഇതിനിടെ ഉച്ചകഴിഞ്ഞ് രണ്ടോടെ നഗരസഭാ ഉദ്യേഗസ്ഥരെയും കരാറുകാരെയും കൂട്ടി കൗൺസിലർ ഷാജി വാഴക്കാല സ്ഥലത്തെത്തി നിർമാണ സ്ഥലത്ത് കുറ്റിയടിക്കാൻ ശ്രമിച്ചത് മുസ്ലിം ലീഗ് കൗൺസിലർ സജീന അക്ബറും കുടുംബവുമെത്തി തടഞ്ഞു.
രണ്ടു കൗൺസിലർമാരുടെയും അണികൾ പ്രദേശത്തെത്തി തർക്കം തുടങ്ങിയത് സംഘർഷത്തിൽ കലാശിച്ചു. ഒടുവിൽ തൃക്കാക്കര പോലീസെത്തിയാണ് ഇരുകൂട്ടരെയും അനുനയിപ്പിച്ചത്.
വാഴക്കാല ഇല്ലത്തുമുഗളിൽ 20 ഓളം പ്രദേശവാസികൾ മോട്ടോർവച്ച് കുടിവെള്ളം എടുക്കുന്ന പൊതു കിണറിന് അരികിലായി മൈക്രോ ലെവൽ കുടിവെള്ള ടാങ്ക് നിർമിക്കുന്നതിനെ ചൊല്ലിയാണ് കൗൺസിലർമാർ തമ്മിർ പോര്.
തൊട്ടടുത്ത 35ാം വാർഡിലെ മുസ്ലിം ലീഗിലെ കൗൺസിലർ സജീന അക്ബറിന്റെയും ഭർത്താവിന്റെയും ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ സമീപത്താണ് നിർദിഷ്ട ടാങ്ക് വരുന്നത്.
നിയമ വിരുദ്ധമായി 28-ാം വാർഡ് കൗൺസിലർ ഷാജി വാഴക്കാല തങ്ങളുടെ കെട്ടിടത്തിന് ഭീഷണയാകും വിധം ടാങ്കു നിർമിക്കുന്നുവെന്നതാണ് സജീന അക്ബറിന്റെയും കുടുംബത്തിന്റെയും ആരോപണം. ഇതു സംബന്ധിച്ച് സജീന അക്ബർ ഹൈകോടതിയിൽ നൽകിയ ഹർജി അടുത്ത ചൊവ്വാഴ്ചത്തേക്ക് വാദം കേൾക്കാനായി മാറ്റിവച്ചിരിക്കുകയാണ്.