ബീച്ചിൽ പ്രതിശ്രുത വധുവിനെ ശല്യപ്പെടുത്തിയതു ചോദ്യം ചെയ്ത യുവാവിനു മർദനം
1337458
Friday, September 22, 2023 2:58 AM IST
വൈപ്പിൻ: ബീച്ചിലെത്തിയ പ്രതിശ്രുത വധുവിനെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ അഞ്ചംഗസംഘം ആക്രമിച്ചു. യുവാവ് മുനമ്പം പോലീസിൽ നൽകിയ പരാതിയിയുടെ അടിസ്ഥാനത്തിൽ അഞ്ചു പേർക്കെതിരെയും കേസെടുത്തു. ബുധനാഴ്ച വൈകുന്നേരം നാലോടെ കുഴുപ്പിള്ളി ബീച്ചിലായിരുന്നു സംഭവം. മുനമ്പം അരയവീട്ടിൽ നിധിനാണ് ആക്രമണത്തിനിരിയായത്.
ഹെൽമെറ്റ് കൊണ്ടാണ് ആക്രമിച്ചത്. തലയ്ക്ക് സാരമായ പരിക്കേറ്റ നിധിൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. നിധിന്റെ ജന്മദിനമായിരുന്നു ബുധനാഴ്ച. വിവാഹ നിശ്ചയം കഴിഞ്ഞതിനാൽ പ്രതിശ്രുത വധുവിനെ പിറന്നാളിനോടനുബന്ധിച്ച് ബീച്ചിലേക്ക് ക്ഷണിച്ചിരുന്നു.
ആദ്യം ബീച്ചിലെത്തിയത് പെൺകുട്ടിയാണ്. ഈ സമയം ഒന്നാം പ്രതി എത്തി ശല്യം ചെയ്യുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. പിന്നീട് സ്ഥലത്തെത്തിയ നിധിൻ ഇത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ഒന്നാം പ്രതിയും മറ്റു നാലു പേരും കൂടി ആക്രമിച്ചത്.
തുടർന്ന് മുനന്പം പോലീസ് സ്റ്റേഷനിൽ പരാതി നല്കുകയായിരുന്നു. പ്രതികളിൽ കൊലക്കേസ് പ്രതികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. അഞ്ചു പേരെയും തിരിച്ചറിഞ്ഞെങ്കിലും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്നാണ് ലഭിക്കുന്ന വിവരം.