വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അച്ഛനും മകനും തട്ടിയത് കോടികൾ
1337457
Friday, September 22, 2023 2:58 AM IST
അരൂർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവം അന്വേഷണം വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘമാണ് അന്വേഷിക്കുന്നത്.
ആലുവ സ്വദേശികളായ എം.ആർ രാജേഷ് (50), മകൻ അക്ഷയ് രാജേഷ് (23) എന്നിവരെയാണ് കഴിഞ്ഞ ദിവസം അരൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ പി.എസ്.സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
40ഓളം ഉദ്യോഗാർഥികളിൽ നിന്നായി രണ്ടു കോടിയോളം രൂപ തട്ടിയെടുത്തതായാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. അരൂർമുക്കത്ത് ഹാജിയാൻ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസിയുടെ പേരിലാണ് പ്രതികൾ ഓസ്ട്രേലിയയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളെ തട്ടിപ്പിനിരയാക്കിയത്.
ഒരു വർഷം മുമ്പാണ് സംഘം വാടക കെട്ടിടത്തിൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. കേരളം, തമിഴ്നാട്, പഞ്ചാബ്, കർണാടക എന്നിവിടങ്ങളിൽ നിന്നായി നിരവധി പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ട്.
ഓസ്ട്രേലിയയിലെ മക്ഡോണാൾഡ്സ് റസ്റ്ററന്റിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് ആറു ലക്ഷവും ഏഴു ലക്ഷവും രൂപ വീതം കൈക്കലാക്കിയാണ് തട്ടിപ്പ് നടത്തിയത്. പലരും കിടപ്പാടം പണയപ്പെടുത്തിയാണ് പണം നൽകിയിരുന്നത്.
അരൂരിലെ ഹാജിയാൻ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് ഏജൻസിയിൽ 22 പേർ ജോലിക്കുവേണ്ടി പണം നൽകിയിട്ടും ജോലി ലഭിച്ചില്ല എന്ന് കാണിച്ചു അരൂർ പോലീസിൽ പരാതി നൽകിയതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്.
പ്രതികൾ സമാന രീതിയിൽ തൃശൂരിലും നിരവധി പേരെ തട്ടിപ്പിനിരയാക്കിയതായി പോലീസ് പറഞ്ഞു. നെടുമ്പാശേരിയിൽ സേഫ് ഗൈഡ് എന്ന പേരിൽ സ്ഥാപനം നടത്തിയും പ്രതികൾ നിരവധിപേരെ കബളിപ്പിച്ചിട്ടുണ്ട്.