മദ്യലഹരിയിൽ മർദനം; എസ്ഐക്കു സസ്പെൻഷൻ
1337456
Friday, September 22, 2023 2:58 AM IST
നെടുമ്പാശേരി: മദ്യലഹരിയിൽ ബേക്കറി ഉടമയ്ക്കും കുടുംബത്തിനും ജീവനക്കാരനും നേരെ രാത്രിയിൽ ആക്രമണം നടത്തിയ ആലുവ ട്രാഫിക് കൺട്രോൾ റൂമിലെ എസ്ഐ പി.എസ്. സുനിലിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. നെടുമ്പാശേരി പോലീസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആലുവ റൂറൽ എസ്പിയാണ് നടപടി സ്വീകരിച്ചത് .
നെടുമ്പാശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ കൺട്രോൾ റൂം വെഹിക്കിളിൽ ഡ്യൂട്ടിയിലിലുണ്ടായിരുന്ന എസ്ഐ സുനിൽ രാത്രി കരിയാടുള്ള കോഴിപ്പാട്ട് ബേക്കറി ആൻഡ് കൂൾ ബാറിൽ കയറിയാണ് ആക്രമണം നടത്തിയത്. കടയുടമ കോഴിപ്പാട്ട് വീട്ടിൽ കുഞ്ഞുമോൻ, ഭാര്യ എൽബി, സഹായി ബൈജു, വ്യാപാരി ജോണി എന്നിവർക്കാണ് മർദനമേറ്റത് .ഇവരെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മദ്യപിച്ച് ലക്കുക്കെട്ട എസ് ഐ ജീപ്പിൽ നിന്നും ഇറങ്ങി വന്ന് ചൂരൽ കൊണ്ട് എല്ലാവരെയും മർദിക്കുകയായിരുന്നു . ഈ സമയം വണ്ടിയുടെ ഡ്രൈവർ ജീപ്പിൽ തന്നെ ഇരിക്കുകയായിരുന്നു . ഓടിക്കൂടിയ നാട്ടുകാരാണ് എസ്ഐയെ തടഞ്ഞത്.
നെടുമ്പാശേരി പോലീസ് കസ്റ്റഡിലെടുത്ത എസ് ഐ സുനിലിനെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ മദ്യപിച്ചിരുന്നതായി വ്യക്തമായി .
ആലുവ ട്രാഫിക് കൺട്രോൾ റൂമിലെ വാഹനത്തിൽ രാത്രി ക്രമസമാധാന പരിപാലനത്തിനായി വന്ന പോലീസ് ഉദ്യോഗസ്ഥനാണ് അതിക്രമം കാണിച്ചത്. കരിയാട്ടിൽ കത്തിക്കുത്ത് നടക്കുന്നുവെന്ന് ആരോ വിളിച്ച് പറഞ്ഞതിനെ തുടർന്നാണ് താൻ അവിടെയെത്തിയതെന്ന് എസ്ഐ മൊഴി നൽകിട്ടുണ്ട് . ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെയും മൊഴി പോലീസ് രേഖപ്പെടുത്തിട്ടുണ്ട് .
പിരിച്ചുവിടണം:അൻവർ സാദത്ത് എംഎൽഎ
മർദനം അപലപനീയമാണന്നും ഈ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ച് വിടണമെന്നും അൻവർ സാദത്ത് എംഎൽഎ പറഞ്ഞു .
കഴിഞ്ഞ രണ്ട് മാസമായി എസ്എച്ച് ഒ ഇല്ലാത്ത നെടുമ്പാശേരി പോലീസ് സ്റ്റേഷൻ നാഥനില്ലാ കളരിയാണ് . ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയെ നേരിൽ കണ്ട് കത്ത് നൽകിട്ടും നടപടി ഉണ്ടായില്ലെന്നും എം എൽഎ ആരോപിച്ചു .
പ്രതിഷേധവുമായി വ്യാപാരികൾ
ഗുണ്ടകളിൽ നിന്നും സാമൂഹ്യ വിരുദ്ധരിൽ നിന്നും ജനങ്ങൾക്ക് സംരക്ഷണം നൽകേണ്ട പോലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് വ്യാപാരിയെയും കുടുംബത്തെയും മർദിച്ചതിൽ കേരള വ്യാപാരി വ്യവസായി കരിയാട് യൂണിറ്റ് യോഗം പ്രതിഷേധിച്ചു.
എസ്ഐ സുനിലിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു . യോഗത്തിൽ പ്രസിഡന്റ് കെ.ജെ. ഫ്രാൻസിസ് അധ്യക്ഷനായിരുന്നു. ഭാരവാഹികളായ പി.ജെ. ജോയി, പി.ജെ. ജോണി , പി.വൈ. കുര്യച്ചൻ, ഷൈജൻ പി. പോൾ, എ.ആർ. നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.