"ഇവിടെയുണ്ടേ....' നാഗ്പുരിൽ നിന്നു ഫാസിൽ
1336903
Wednesday, September 20, 2023 5:56 AM IST
ആലുവ: മുംബൈയിലെ കോളജ് ഹോസ്റ്റലിൽനിന്ന് കാണാതായ ആലുവ സ്വദേശിയായ വിദ്യാർഥി 24 ദിവസത്തിനുശേഷം സ്വമേധയാ തിരികെയെത്തും. ആലുവ എടയപ്പുറം പെരുമ്പിള്ളി വീട്ടിൽ അഷറഫ് - ഹബീല ദമ്പതികളുടെ മകൻ പി.എ. ഫാസിൽ ഇന്നലെ രാത്രി 12 ഓടെ ഫോണിൽ വിളിച്ച് താൻ നാഗ്പുരിലുണ്ടെന്ന് അറിയിക്കുകയായിരുന്നെന്ന് അഷറഫ് ‘ദീപിക'യോട് പറഞ്ഞു.
കഴിഞ്ഞ രണ്ടു ദിവസമായി മുംബൈയിലുണ്ടായിരുന്ന അഷ്റഫിനെയാണ് ഫാസിൽ ആദ്യം വിളിച്ചത്. ഇന്നലെ രാവിലെ വിമാനമാർഗം 700 കിലോമീറ്റർ അകലെയുള്ള നാഗ്പുരിലെത്തി അഷ്റഫ് മകനെ കണ്ടെത്തി. തുടർന്ന് നേരത്തെ പരാതി നൽകിയ മുംബൈ പോലീസ് സ്റ്റേഷനിൽ ഹാജരാക്കി. നടപടി ക്രമങ്ങൾക്കുശേഷം വെള്ളിയാഴ്ച നാട്ടിൽ മടങ്ങിയെത്തും.
ഇത്രയും ദിവസം നാഗ്പൂരിലെ ഒരു കഫേറ്റീരിയയിൽ ജോലി ചെയ്യുകയായിരുന്നെന്ന് ഫാസിൽ വെളിപ്പെടുത്തി. വീട്ടുകാർ അറിയാതെ ഓഹരി വിപണിയിൽ ഇറക്കിയ 50,000 രൂപ ഫാസിലിന് നഷ്ടമായതിനെ തുടർന്നാണ് പഠനം ഉപേക്ഷിച്ച് കഴിഞ്ഞ മാസം 26ന് മുബൈയിൽ നിന്ന് നാഗ്പൂരിലേക്ക് വണ്ടികയറിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ റെയിൽവേ പോലീസ് ശേഖരിച്ച് നൽകിയിരുന്നു.
26ന് ഉമ്മയുമായി സൗഹാർദത്തിൽ സംസാരിച്ച ശേഷം ഫാസിലിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയി. ഇതേതുടർന്ന് അഷ്റഫും സഹോദരൻ അൻവറും മുംബൈയിലെത്തി പോലീസിന് പരാതി നൽകി. കേരളത്തിലേയും മുബൈയിലേയും മാധ്യമങ്ങളിൽ വാർത്ത വന്നതിനാൽ പ്രതീക്ഷയോടെ സ്വന്തം നിലയിലും അന്വേഷണം നടത്തുകയായിരുന്നു.
മുംബൈ എച്ച്.ആർ കോളജ് ഓഫ് കൊമേഴ്സ് ആൻഡ് ഇക്കണോമിക്സിൽ രണ്ടാം വർഷ ബാച്ച്ലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് വിദ്യാർഥിയാണ് ഫാസിൽ.