കുടിവെളള പദ്ധതി : ‘കൗൺസിലറുടെ ഭർത്താവ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നു’
1336890
Wednesday, September 20, 2023 5:56 AM IST
കാക്കനാട്: കൗൺസിലറുടെ ഭർത്താവ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതായി കോൺഗ്രസ് കൗൺസിലർ ആരോപിച്ചു. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലാണ് യുഡിഎഫ് കൗൺസിലർമാർ തമ്മിൽ വാക്കേറ്റമുണ്ടായത്.
മുസ്ലിം ലീഗ് കൗൺസിലർ സജീന അക്ബറിന്റെ ഭർത്താവും മുസ്ലിം ലീഗ് നേതാവുമായ അക്ബർ തന്റെ വാർഡിലെ ഇല്ലത്തുമുഗൾ കുടിവെളള പദ്ധതിയുടെ ഫയലുകൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കൈക്കലാക്കാൻ നോക്കിയതായി കോൺഗ്രസ് കൗൺസിലർ ഷാജി വാഴക്കാല ആരോപിച്ചു. പദ്ധതിയുടെ ഫയൽ ആവശ്യപ്പെട്ടത് താൻ ആണെന്നും സജീന പറഞ്ഞു.
കുന്നേപറമ്പ് വാർഡിൽ ഇല്ലത്തുമുഗൾ റോഡിന് സമീപം മുസ്ലിം ലീഗ് കൗൺസിലറുടെ ഭർത്താവ് അക്ബറിന്റെയും സഹോദരൻ ഹബീബിന്റെയും കെട്ടിടങ്ങൾക്കിടയിലൂടെ ഇടയ്ക്കുള്ള പൊതുകിണറ്റിലേക്കുള്ള വഴിയിലാണ് കുടിവെള്ള പദ്ധതിയുടെ പേരിൽ ടാങ്ക് നിർമിക്കാൻ ഒരുങ്ങുന്നത്.
ഇലക്ട്രിക്കൽ ഓവർസിയർ രാമചന്ദ്രന്റെ കാലാവധി നീട്ടിനൽകരുതെന്ന് സ്വതന്ത്ര കൗൺസിലർ പി.സി. മനൂപ് ആവശ്യപ്പെട്ടു. ഇതിന് പിന്തുണയുമായി ഭരണപക്ഷ കൗൺസിലർമാരായ നൗഷാദ് പല്ലച്ചി, ഷിമി മുരളി, ഹസീന ഉമ്മർ, ഇ.പി. ഖാദർകുഞ്ഞ് എന്നിവർ രംഗത്തെത്തി. ഓവർസിയർമാരുടെ ജോലിപോലും കൗൺസിലർമാർ ചെയ്യേണ്ട അവസ്ഥയിലാണെന്ന് പ്രതിപക്ഷ കൗൺസിലർ ജിജോ ചങ്ങം തറ പറഞ്ഞു.
വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്ന് ഭൂരിഭാഗം കൗൺസിലർമാരും അഭിപ്രായപ്പെട്ടു. ഇവരെ ഒഴിവാക്കി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തണമെന്ന് പൊതുമരാമത്ത് സ്ഥിരംസമിതി ചെയർമാൻ സോമി റെജി പറഞ്ഞു. ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി വിശദീകരണം തേടണമെന്ന് സി.സി. വിജു ആവശ്യപ്പെട്ടു. ഒടുവിൽ മൂന്നുമാസത്തേക്ക് കരാർ നിയമനം നീട്ടിക്കൊടുക്കുവാനും തീരുമാനിച്ചു.