മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് തടവുശിക്ഷ; നിയമഭേദഗതി സാധ്യമോയെന്ന് കോടതി
1336660
Tuesday, September 19, 2023 5:40 AM IST
കൊച്ചി: പൊതുസ്ഥലത്തു നിരന്തരം മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് തടവുശിക്ഷ നല്കാവുന്ന തരത്തില്‍ നിയമ ഭേദഗതി സാധ്യമാണോയെന്ന് ഹൈക്കോടതി ആരാഞ്ഞു. മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാനുള്ള ചുമതല പോലീസിനു നല്‍കാനാവുമോയെന്നും കോടതി ചോദിച്ചു. കൊച്ചിയില്‍ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തത്തെത്തുടര്‍ന്ന് സ്വമേധയാ പരിഗണിക്കുന്ന ഹര്‍ജിയിലാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ്, ജസ്റ്റീസ് പി. ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇക്കാര്യങ്ങള്‍ ചോദിച്ചത്.
പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കാന്‍ ബൂത്തുകള്‍ സ്ഥാപിക്കണമെന്നും ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ സ്ഥലം കണ്ടെത്തണമെന്നും കോടതി ഉത്തരവിട്ടു. എന്‍എസ്എസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവരെ ഉപയോഗിച്ച് മാലിന്യങ്ങള്‍ സംസ്കരിക്കുന്ന വിഷയത്തില്‍ ബോധവത്ക്കരണം നടത്തണം. ഓണ്‍ലൈന്‍ ഭക്ഷണ വിതരണം ചെയ്യുമ്പോള്‍ പായ്ക്കറ്റുകള്‍ തയാറാക്കാന്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
ഹര്‍ജി പരിഗണിക്കവെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമഭേദഗതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും ഈ നിയമസഭാ സമ്മേളനത്തില്‍ പാസാക്കാനായില്ലെങ്കില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഇന്നലെ ഓണ്‍ലൈന്‍ മുഖേന ഹാജരായ റവന്യു വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന് വിശദീകരിച്ചു.
ഈ ഘട്ടത്തിലാണ് തടവു ശിക്ഷയടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ഡിവിഷന് ബെഞ്ച് ആരാഞ്ഞത്. വിനോദസഞ്ചാര മേഖലകളില്‍ മാലിന്യം തള്ളുന്നതു തടയാനുള്ള ചുമതല പോലീസിനു നല്കിയ ശ്രീലങ്കന്‍ മാതൃക ചൂണ്ടിക്കാട്ടിയാണ് ഇവിടെ ചുമതല പോലീസിനു നല്കാമോയെന്നു ചോദിച്ചത്. ഇക്കാര്യത്തില്‍ ഡിജിപിയുടെ സര്‍ക്കുലര്‍ ഉണ്ടെന്നുംപോലീസുമായി ചര്‍ച്ച നടത്തുമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി മറുപടി നല്കി.
മാലിന്യം തള്ളുന്ന പൊതുസ്ഥലങ്ങളെ പാര്‍ക്കുകളാക്കി മാറ്റുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന് വിശദീകരിച്ചു. സംസ്ഥാനത്ത് 15 ശതമാനം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മാത്രമാണ് മാലിന്യ സംസ്കരണത്തില്‍ വീഴ്ച വരുത്തുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
നഗരമാലിന്യം റോഡ് നിര്‍മ്മാണത്തിനുപയോഗിക്കുന്ന കാര്യത്തില്‍ ദേശീയപാത അഥോറിറ്റി മറുപടി നല്‍കാത്തതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ഇക്കാര്യത്തില്‍ വിശദീകരണം നല്കാന് ദേശീയ പാത അഥോറിറ്റിയുടെ റീജണല്‍ മാനേജര്‍ ഒക്ടോബര്‍ ആറിന് ഓണ്‍ലൈന്‍ മുഖേന ഹാജരാകണമെന്നും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. ഹര്‍ജി ഒക്ടോബര്‍ ആറിന് പരിഗണിക്കാനായി മാറ്റി.