അഞ്ചാം വർഷവും ആലുവ മുനിസിപ്പൽ പാർക്ക് അടഞ്ഞുതന്നെ
1297968
Sunday, May 28, 2023 6:44 AM IST
ആലുവ: മധ്യവേനലവധി ആസ്വദിക്കുന്ന കുട്ടികളെ തുടർച്ചയായ അഞ്ചാം വർഷവും അറ്റകുറ്റപണിയുടെ പേരിൽ മുനിസിപ്പൽ പാർക്കിൽ നിന്ന് അകറ്റിനിർത്തി ആലുവ നഗരസഭ. ഉദ്ഘാടന തിയതി ഇടയ്ക്കിടയ്ക്ക് നീട്ടി വയ്ക്കുന്നല്ലാതെ ഉടനെയെങ്ങും ഇത് യാഥാർഥ്യമാകില്ലെന്നുറപ്പായി.
നവീകരണത്തിന്റെ ഭാഗമായി ആന്ധ്രയിൽനിന്നും എത്തിച്ച നൂറിലേറെ അലങ്കാര ചെടികൾ പിടിപ്പിച്ചു. നടപ്പാതകളിൽ ടൈൽ വിരിക്കൽ, ചുറ്റുമതിൽ പുനർനിർമാണം എന്നിവയും പൂർത്തിയായി. പക്ഷെ ചെറിയ റൈഡുകൾ സ്ഥാപിച്ചിടത്ത് മണൽ വിരിക്കാനും ഇലക്ട്രിഫിക്കേഷൻ ജോലികൾ പൂർത്തിയാക്കാനുമുണ്ട്.
ബാങ്ക് ജംഗ്ഷനിൽ പെരിയാറിൻ തീരത്തായി സ്ഥിതി ചെയ്യുന്ന പാർക്ക് 2018 മഹാപ്രളയകാലത്താണ് ചെളി നിറഞ്ഞ് പ്രവർത്തനരഹിതമായത്. അതിനു ശേഷം നഗരസഭയുടെ നേതൃത്വത്തിൽ ചെളിനീക്കി. സന്നദ്ധ സംഘടനകളുടെ സഹായവും ലഭിച്ചു. പുനരുദ്ധരിക്കാൻ തുക നീക്കിവച്ചെങ്കിലും കരാറുകാരൻ സ്ഥലം വിട്ടതും സാമ്പത്തിക പ്രതിസന്ധിയും കാരണം പൂർത്തിയായില്ല.
ചെളിനീക്കി പൂർവസ്ഥിതിയിലാക്കാൻ കരാർ ഏറ്റെടുത്ത കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ (കൈക്കോ) 24 ലക്ഷം രൂപ കൈപ്പറ്റിയാണ് പദ്ധതിയിൽ നിന്ന് കൈയൊഴിഞ്ഞത്. അന്ന് 40 ലക്ഷം രൂപയാണ് നവീകരണത്തിന് മാറ്റിവച്ചത്.
ഇപ്പോൾ സ്വകാര്യ കമ്പനിയുടെ 30 ലക്ഷവും നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും 15 ലക്ഷവും ചെലഴിച്ചാണ് മുനിസിപ്പൽ പാർക്ക് നവീകരിക്കുന്നത്. വൈദ്യുതിയലങ്കാരം നടത്താൻ നഗരസഭ 20 ലക്ഷവും മാറ്റിവച്ചിട്ടുണ്ട്.
ഈ തുക കൊണ്ട് മൂന്ന് മാസം മുമ്പ് നവീകരണം ആരംഭിച്ചതെങ്കിലും വേനൽ അവധിക്ക് പകരം മഴക്കാലത്തെങ്കിലും ഉദ്ഘാടനം നടത്തുമോയെന്നാണ് നഗരവാസികൾ ചോദിക്കുന്നത്.