ഹൈറേഞ്ച് ചെങ്കണ്ണ് ഭീതിയിൽ
1516470
Friday, February 21, 2025 11:48 PM IST
ചെറുതോണി: വേനൽ കടുത്തതോടെ ഹൈറേഞ്ച് മേഖല ചെങ്കണ്ണ് ഭീതിയിൽ. ചെങ്കണ്ണ് വ്യാപനത്തിന്റെ സാധ്യത ഉള്ളതിനാൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകി. കണ്ണിന്റെ പുറത്തെ പാളിയായ കൺജക്റ്റൈവ എന്ന കോശഭിത്തിയിൽ വൈറസോ ബാക്ടീരിയയോ മറ്റു വസ്തുക്കളോ കാരണം കോശ ജ്വലനം സംഭവിക്കുന്നതാണ് ചെങ്കണ്ണിനു കാരണം. വൈറസ് മൂലമാണോ ബാക്ടീരിയ മൂലമാണോ രോഗം ഉണ്ടായിരിക്കുന്നത് എന്നു തിരിച്ചറിഞ്ഞ് യഥാസമയം ആവശ്യമായ ചികിത്സ തേടേണ്ടതാണ്. സാധാരണമായി രോഗ തീവ്രതയ്ക്കനുസരിച്ച് ചെങ്കണ്ണ് ഭേദമാകാൻ രണ്ട്, മൂന്ന് ആഴ്ചകൾ വരെ എടുക്കും.
കൃത്യമായ ഇടവേളകളിൽ ഡോക്ടറുടെ നിർദേശാനുസരണം രോഗതീവ്രത വിലയിരുത്തണം. ശരിയായ ചികിത്സ കിട്ടിയില്ലെങ്കിൽ കണ്ണിന്റെ കൃഷ്ണമണിയെ രോഗം ഗുരുതരമായി ബാധിച്ചേക്കാം. ചെങ്കണ്ണ് ബാധിതർ കണ്ണിന് അസ്വസ്ഥത ഉണ്ടാക്കുന്ന ജോലികൾ ഒഴിവാക്കുന്നത് നല്ലതായിരിക്കും.
രോഗം ബാക്ടീരിയ മൂലമാണെങ്കിൽ ആന്റിബയോട്ടിക് മരുന്നുകളും വൈറസ് മൂലമാണെങ്കിൽ ആന്റി വൈറൽ മരുന്നുകളും ഉപയോഗിക്കണം. ഓയിന്റ്മെന്റ് രൂപത്തിലോ കണ്ണിൽ ഒഴിക്കുന്ന തുള്ളിമരുന്നിന്റെ രൂപത്തിലോ ആയിരിക്കും മരുന്നുകൾ ലഭിക്കുക. മരുന്നുകൾ കൃത്യമായും മുടങ്ങാതെയും ഉപയോഗിക്കുകയും ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ നിറുത്തുകയും ചെയ്യണം.
ലക്ഷണങ്ങൾ: കണ്ണിൽ ചുവപ്പുനിറം, കണ്ണീരൊലിപ്പ്, ചൊറിച്ചിലും അസ്വസ്ഥതയും. കൺപോളകളിൽ വീക്കവും തടിപ്പും, പ്രകാശം തട്ടുമ്പോൾ കണ്ണിൽ അസ്വസ്ഥത തുടങ്ങിയവ.
പ്രതിരോധ മാർഗങ്ങൾ: വ്യക്തി ശുചിത്വമാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധമാർഗം, രോഗ ബാധയുള്ളവർ കൈകളാൽ കണ്ണുകളിൽ തടവാതിരിക്കുക, രോഗബാധിതർ ഉപയോഗിച്ച വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക, രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ചികിത്സ തേടുക.