മന്ത്രി ഇടപെട്ടു: കെഎസ്ആർടിസി സർവീസ് നിർത്തില്ല
1516124
Friday, February 21, 2025 12:00 AM IST
മൂലമറ്റം: കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്ററിൽനിന്നു പിന്നാക്ക മേഖലയിലൂടെയുള്ള കട്ട്ചെയ്സ് ബസ് സർവീസ് നിർത്തലാക്കി വാഹനം ഇവിടെനിന്നും കൊണ്ടു പോകാനുള്ള നീക്കം മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിനെത്തുടർന്ന് പിൻവലിച്ചു.
മൂലമറ്റത്തുനിന്നു പിന്നാക്ക മേഖലകളിൽകൂടി വാഗമണ്ണിലേയ്ക്ക് സർവീസ് നടത്തുന്ന കെഎൽ 15 -9533 നന്പർ ബസാണ് കെഎസ്ആർടിസിയുടെ ഡ്രൈവിംഗ് സ്കൂളിന്റെ ഭാഗമായി പയ്യന്നൂർ യൂണിറ്റിന് മാറ്റുന്നതിന് തീരുമാനിച്ചത്. ചെറിയ ബസ് മാത്രം ഉപയോഗിച്ച് സർവീസ് നടത്താൻ കഴിയുന്നതും കുത്തനെയുള്ള കയറ്റവും ഇടുങ്ങിയതുമായ റോഡിലൂടെ സർവീസ് നടത്തുന്നതിനനുവദിച്ചിരുന്ന ബസ് ഇവിടെനിന്ന് കൊണ്ടുപോയാൽ അറക്കുളം പഞ്ചായത്തിലെ ആശ്രമം, പതിപ്പള്ളി, പുത്തേട്, വാഗമണ്‍ വരെയുള്ള മേഖലയിലെ ജനങ്ങളെ ഇത് ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കേരള കോണ്‍ഗ്രസ് -എം അറക്കുളം മണ്ഡലം കമ്മിറ്റി മന്ത്രിക്കു നിവേദനം നൽകി.
ബസുകൾ ഇവിടെനിന്ന് മാറ്റിയാൽ ആദിവാസി, ഗ്രാമീണ മേഖലയിലൂടെയുള്ള സർവീസുകൾ നടത്താൻ കഴിയാത്ത സാഹചര്യമുണ്ടാവുമെന്നും മണ്ഡലം ഭാരവാഹികൾ അറിയിച്ചു.
തുടർന്ന് ഗതാഗത മന്ത്രിയുമായും കെഎസ്ആർടിസി എംഡിയുമായും മന്ത്രി റോഷി ബന്ധപ്പെട്ടതിനെത്തുടർന്നാണ് തീരുമാനം ഒഴിവാക്കിയത്. മൂലമറ്റത്ത് ബസ് ടെർമിനൽ, സ്റ്റാൻഡ് കോണ്‍ക്രീറ്റിംഗ്, എൻട്രൻസ് നിർമാണം എന്നിവയ്ക്കായി രണ്ടു കോടി വകയിരുത്തിയതായും മൂലമറ്റത്തുനിന്നും പുതിയ ട്രിപ്പുകൾ ആരംഭിക്കുന്നതിനായുള്ള നടപടികൾ നടന്നുവരികയാണെന്നും മന്ത്രി അറിയിച്ചു.