തൃപ്തികരമല്ല; കാട്ടാന ആക്രമണത്തിൽ പുതിയ റിപ്പോർട്ട് നൽകണം
1515630
Wednesday, February 19, 2025 6:02 AM IST
തൊടുപുഴ: മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ വനംവകുപ്പ് സമർപ്പിച്ച റിപ്പോർട്ട് തൃപ്തികരമല്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇന്നലെ തൊടുപുഴയിൽ നടത്തിയ സിറ്റിംഗിലാണ് പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശം നൽകിയത്.
വനം ചീഫ് കണ്‍സർവേറ്റർ, ഡിഎഫ്ഒ, ജില്ലാ കളക്ടറുടെ പ്രതിനിധി എന്നിവരാണ് ഇന്നലെ കമ്മീഷനു മുന്‍പാകെ ഹാജരായത്. കാട്ടാന പ്രതിരോധത്തിന് സ്വീകരിച്ച നടപടികൾ ഉൾപ്പെടുത്തി പുതിയ റിപ്പോർട്ട് ഹാജരാക്കാനാണ് കമ്മീഷൻ നിർദേശിച്ചത്.
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സംഭവത്തിൽ സ്വമേധയാ കേസെടുത്തത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിനായി വനംവകുപ്പ് മേധാവിയുടെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തിൽ വനം, റവന്യു, പോലീസ്, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണമെന്ന് ചെയർപേഴ്സൻ ഉത്തരവിട്ടിരുന്നു.
വന്യജീവികൾ ജനവാസമേഖലയിൽ നടത്തുന്ന ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിന് എംപി, എംഎൽഎ, പഞ്ചായത്തംഗങ്ങൾ എന്നിവരുടെ അഭിപ്രായങ്ങൾ അറിയണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. വന്യജീവി ആക്രമണം തടയുന്നതിനും ഇല്ലാതാക്കുന്നതിനുമായി ഫലപ്രദമായ പ്രതിരോധ നടപടികളടങ്ങിയ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടത്.