കാട്ടാന പ്രതിരോധം: 52 കോടിയുടെ പദ്ധതി
1515625
Wednesday, February 19, 2025 6:02 AM IST
തൊടുപുഴ: കാട്ടാനകൾ ജനവാസ മേഖലകളിലിറങ്ങുന്നത് തടയാൻ വനംവകുപ്പ് 52 കോടിയുടെ പദ്ധതി നടപ്പാക്കും. ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ ആർ.എസ്. അരുണ്‍, വൈൽഡ്ലൈഫ് ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ പി.പി. പ്രമോദ് എന്നിവരാണ് ഇക്കാര്യമറിയിച്ചത്. മൂന്നാറിൽ നടന്ന അവലോകനയോഗത്തിന് ശേഷം തൊടുപുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.
നബാർഡ്, റീബിൽഡ് കേരള, ഇടുക്കി പാക്കേജ്, രാഷ്ട്രീയ കൃഷി വികാസ് യോജന എന്നിവയിലായി ലഭിച്ച 52 കോടിയാണ് പദ്ധതിക്കായി ചെലവഴിക്കുക. ഇതിൽ 18 കോടി ഹൈറേഞ്ച് സർക്കിളിലെയും 34 കോടി കോട്ടയം വൈൽഡ് ലൈഫ് സർക്കിളിലെയും മനുഷ്യ-വന്യജീവി സംഘർഷം പ്രതിരോധിക്കാനാണ് വിനിയോഗിക്കുന്നത്. മൂന്നാറിൽ സ്ഥിരമായി ജനവാസമേഖലയിലിറങ്ങുന്ന കാട്ടാനകളെ തുടർച്ചയായി നിരീക്ഷിക്കും. ആനയിറങ്ങിയാൽ പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും കൃത്യമായി മുന്നറിയിപ്പ് നൽകും.
പടയപ്പ പോലെ മദപ്പാടുള്ള ആനകളെ തുടർ നിരീക്ഷണം നടത്തും. ആനകളെയും മറ്റ് വന്യമൃഗങ്ങളെയും ബാധിക്കുന്ന രീതിയിലുള്ള മാലിന്യ നിക്ഷേപം, വഴിയരികിലെ അനധികൃതമായിട്ടുള്ള ഭക്ഷണശാലകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവയ്ക്കെതിരേ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും മറ്റ് വകുപ്പുകളുടെയും നേതൃത്വത്തിൽ പരിശോധിച്ച് നടപടിയെടുക്കാൻ നിർദേശം നൽകും.
മൂന്നാർ കല്ലാറിൽ സ്ഥിരമായി ആനകളെത്തുന്ന പഞ്ചായത്തിന്റെ മാലിന്യപ്ലാന്റിന് സമീപം സൗരോർജ തൂക്കുവേലി സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഇത് പ്രാവർത്തികമായാൽ ആന മൂന്നാർ ടൗണിലെത്തുന്ന സാഹചര്യം ഒഴിവാകും. ജനവാസമേഖലയിൽ ആനകളിറങ്ങിയാൽ വിനോദസഞ്ചാരികളടക്കമുള്ള യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്നതിന് ഡിസ്പ്ലേ ബോർഡുകളും ലൈറ്റുകളും സ്ഥാപിക്കും. രാത്രി കാലങ്ങളിൽ കാട്ടാനയെത്തുന്ന ലയങ്ങൾ, പാർപ്പിട സമുച്ചയങ്ങൾ, ആദിവാസി കുടികൾ എന്നിവിടങ്ങളിൽ പഞ്ചായത്തുമായി ചേർന്ന് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും. ആനകളിറങ്ങിയാൽ പൊതുജനങ്ങൾക്ക് ഫോണിൽ മെസേജ് ലഭിക്കുന്ന എസ്എംഎസ് അലർട്ട് സിസ്റ്റം കൂടുതൽ കാര്യക്ഷമമാക്കും.
പ്രദേശവാസികളായ വോളണ്ടിയർമാരെ ഉൾപ്പെടുത്തി പ്രൈമറി റെസ്പോണ്‍സ് ടീമിന് പരിശീലനം നൽകും. മൂന്നാറിലുള്ള എട്ട് പ്രൈമറി റെസ്പോണ്‍സ് ടീമിനെ ശക്തിപ്പെടുത്തും. മാങ്കുളത്ത് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച എഐ കാമറ നിരീക്ഷണ സംവിധാനം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ രൂപരേഖയുടെ കരട് തയാറാക്കി വരികയാണെന്ന് ഇരുവരും പറഞ്ഞു.