പണം ഇരട്ടിപ്പിക്കൽ തട്ടിപ്പ്: പ്രതിക്കായി അന്വേഷണം വ്യാപകമാക്കി
1515765
Wednesday, February 19, 2025 11:26 PM IST
ചെറുതോണി: പണം ഇരട്ടിപ്പിച്ചു നല്‍കാമെന്നു പറഞ്ഞ് ഏഴു ലക്ഷം രൂപ കവർന്ന കേസിൽ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. മണിയാറൻകുടി - ലക്ഷംകവല സ്വദേശി പാണ്ടിയേൽ സോണി (46)യുടെ പണമാണ് നഷ്ടമായത്.
സുഹൃത്തുക്കൾ മുഖേന പരിചയപ്പെട്ട തമിഴ്നാട് സ്വദേശികളായ രണ്ടു പേർ യന്ത്രസഹായത്താൽ പണം ഇരട്ടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞതിനെത്തുടർന്ന് ഒരു ലക്ഷം രൂപ നൽകി. അവർ രണ്ടു ലക്ഷം തിരികെ നൽകി വിശ്വസ്തത നേടി. തുടർന്ന് ഇവർക്ക് കടം വാങ്ങി ഏഴു ലക്ഷം രൂപ നല്കി. തുക ഒരു ബാഗിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും ബാഗിനുള്ളിലെ യന്ത്രം 16 മണിക്കൂർ കൊണ്ട് നോട്ടുകൾ ഇരട്ടിപ്പിച്ച് നല്‍കുമെന്നും വിശ്വസിപ്പിച്ച് ബാഗ് സോണിയുടെ വാഹനത്തിൽത്തന്നെ വച്ചു. അതിൽനിന്നു രണ്ട് വയർ ഒരു കന്നാസിനുള്ളിലെ വെള്ളത്തിലേക്കിട്ടിരുന്നു. 16 മണിക്കൂർ കഴിയാതെ ബാഗ് തുറക്കരുതെന്നും തുറന്നാൽ നോട്ടുകൾ കറുത്ത നിറത്തിലാവുമെന്നും പറഞ്ഞ് തമിഴ്നാട് സ്വദേശികൾ പോയി.
ഇവർ പോയശേഷം രാത്രി ഏഴോടെ സോണി ബാഗ് തുറന്നപ്പോൾ നോട്ടിന്റെ വലിപ്പത്തിലുള്ള കുറച്ച് കറുത്ത കടലാസ് കഷണങ്ങൾ മാത്രമാണ് കണ്ടത്. ഉടൻതന്നെ ഇടുക്കി പോലീസിൽ വിവരമറിയിച്ചു. പ്രതികളെന്നു സംശയിക്കുന്ന രണ്ടു പേർ രണ്ടു ദിവസമായി ചെറുതോണിയിലെ ലോഡ്ജിൽ താമസിച്ചതായി പറയപ്പെടുന്നു. മുരുകൻ എന്നു പേരുളള ഒരാളും മറ്റൊരാളുമാണ് ഉണ്ടായി രുന്നതെന്നു പറയുന്നു. പ്രതികൾ തിരുനെൽവേലി സ്വദേശികളാണെന്നും സംശയിക്കുന്നു.
ഇടുക്കി പോലീസ് കേസെടുത്ത് അന്വേഷണം വ്യാപകമാക്കി. പ്രതികൾ തമിഴ്നാട്ടിലേക്കു കടന്നിരിക്കാമെന്നു പോലീസ് പറഞ്ഞു. പരാതിക്കാരനും ഇതുമായി ബന്ധപ്പെട്ട മറ്റു രണ്ടുപേരും പോലീസ് നിരീക്ഷണത്തിലാണ്. ഇതിലൊരാള്‍ കഞ്ഞിക്കുഴി സ്വദേശിയും കെഎസ്ഇബി ജീവനക്കാരനുമാണ്. കഞ്ഞിക്കുഴിയിലുള്ള ബാങ്കില്‍നിന്ന് ഏഴു ലക്ഷം രൂപ ചെറുതോണിയിലുള്ള ബാങ്കിലേക്ക് അയച്ചതിന്റെയും ഉച്ചക്ക് ഒന്നിന് ഏഴു ലക്ഷം രൂപ ചെറുതോണിയില്‍നിന്നു പിന്‍വലിച്ചതിന്റെയും രേഖകളുണ്ട്.
പണം മോഷണം പോയെന്ന് പറഞ്ഞാണ് പരാതി നല്‍കിയത്. പരാതിക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പണം ഇരട്ടിപ്പിച്ചു നല്‍കാമെന്ന വ്യവസ്ഥയില്‍ തമിഴ്നാട്ടുകാര്‍ക്ക് തുക കൈമാറുകയായിരുന്നെന്ന് വ്യക്തമായത്. പണം വാങ്ങിയവര്‍ എങ്ങനെ രക്ഷപെട്ടുവെന്ന് വ്യക്തമല്ല. പ്രതികളുടെ ഫോട്ടോയും അഡ്രസും ലഭിച്ചിട്ടുണ്ടെന്നും പ്രതികള്‍ ഉടന്‍ കസ്റ്റഡിയിലാകുമെന്നും പലീസ് പറയുന്നു.