മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മൂന്നു പേർ മരിച്ചു
1515764
Wednesday, February 19, 2025 11:26 PM IST
മൂന്നാർ: മൂന്നാറിൽ വിനോദ സഞ്ചാരത്തിന് എത്തിയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മൂന്നു പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളജ് വിദ്യാർഥികളായ ആർ. വേണിക (19), ആർ. ആദിക(18), സുതൻ (19) എന്നിവരാണ് മരിച്ചത്. വേണിക, ആദിക എന്നിവർ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുതൻ തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകുംവഴിയാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി തേനി, കോലഞ്ചേരി, കോട്ടയം എന്നിവടങ്ങളിലുള്ള ആശുപത്രികളിലേക്ക് മാറ്റി. അപകടം നടന്നയുടൻ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവരും പ്രദേശവാസികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
ഒരു വശത്തേക്ക് ചെരിഞ്ഞു വീണ ബസിനുള്ളിൽ ഉള്ളവരെ രക്ഷാപ്രവർത്തകർ പുറത്ത െടുത്ത് മൂന്നാറിലെ ആശുപത്രിയിൽ എത്തിച്ചു. മൂന്നാറിൽ നിന്ന് എത്തിയ അഗ്നിശമന സേനയും മൂന്നാർ, ദേവികുളം എന്നിവിടങ്ങളിൽനിന്നുള്ള പോലീസും മേൽനടപടികൾ സ്വീകരിച്ചു.
കഴിഞ്ഞ ദിവസമാണ് കോളജ് വിദ്യാർഥികളായ 45 പേരടങ്ങുന്ന വിനോദയാത്രാ സംഘം മൂന്നാറിൽ എത്തിയത്. രാവിലെ മാട്ടുപ്പെട്ടി ഡാം സന്ദർശിച്ച സംഘം കുണ്ടള ഡാം സന്ദർശിക്കാൻ പോകുംവഴി ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം നഷ്ടമായ ബസ് റോഡിലേക്ക് മറിയുകയായിരുന്നു. ബസ് അമിത വേഗത്തിലായിരുന്നെന്നാണ് നിഗമനം. ആവശ്യത്തിനു വീതിയുള്ള റോഡിൽ എതിരേ വാഹനങ്ങളൊന്നും ഇല്ലായിരുന്നു.